തിരുവനന്തപുരം: ഇംഗ്ലീഷ് മനസിലാകാത്ത റേഷൻ വ്യാപാരികൾ ബേജാറാവേണ്ട. റേഷനിംഗ് ഓർഡർ പരിഷ്കരിച്ചുകൊണ്ടുള്ള കരട് ബില്ല് മലയാളത്തിലും ഉടൻ ലഭ്യമാക്കും. ഇപ്പോൾ 42 പേജുള്ള ഇംഗ്ലീഷ് റിപ്പോർട്ടാണ് ആക്ഷേപങ്ങൾ അറിയിക്കാനായി വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഭരണഭാഷ മലയാളമാക്കിയിട്ടും സാധാരണക്കാരെ ബാധിക്കുന്ന റേഷൻ വിതരണത്തെ കുറിച്ചുള്ള കരട് ബില്ല് ഇംഗ്ളീഷിൽ പുറത്തിറക്കിയതിനെ കുറിച്ച് ഇന്നലെ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബില്ല് മലയാളത്തിൽ പുറത്തിറക്കാൻ വകുപ്പ് മന്ത്രി പി.തിലോത്തമൻ സിവിൽ സപ്ളൈസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. ആപക്ഷേപം അറിയിക്കാൻ കൂടുതൽ ദിവസം അനുവദിക്കുന്നതും പരിഗണനയിലാണ്.
ഇംഗ്ളീഷ് റിപ്പോർട്ടിനെതിരെ റേഷൻ വിതരണ രംഗത്തെ എല്ലാം സംഘനകളും പ്രതിഷേധിച്ചു. ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇതിൽ പ്രതിഷേധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിനു മുന്നിൽ ബില്ല് കത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
1966ലെ കേരള റേഷനിംഗ് ഓർഡറാണ് സർക്കാർ പരിഷ്കരിക്കുന്നത്. വായിച്ച് പഠിച്ച് 15 ദിവസത്തിനകം ആക്ഷേപമോ നിർദ്ദേശമോ സമർപ്പിക്കാനായിരുന്നു. നിർദ്ദേശം. ഒരു മാസം സാവകാശം വേണമെന്നാണ് സംഘടനകളുടെ ആവശ്യം. എത്ര ദിവസം അനുവദിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോർട്ടു നൽകാൻ സിവിൽ സപ്ളൈസ് കമ്മീഷണറോടു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റേഷൻ വിതരണത്തെ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ ചോദ്യങ്ങൾ ഉയരും.
കരട് ബില്ല് മലയാളത്തിൽ പുറത്തിറങ്ങിയാലും വിവാദം അവസാനിക്കില്ല. ബില്ലിലെ പല നിർദ്ദേശങ്ങളോടും ഭരണ പക്ഷ സംഘടനകളിൽ പെട്ട വ്യാപാരികൾക്കും എതിരഭിപ്രായമാണുള്ളത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാനുള്ള പല അവസരങ്ങളും സൃഷ്ടിക്കുന്നതാണ് ബില്ലിലെ നിർദ്ദേശങ്ങളെന്നാണ് പരാതികളിലൊന്ന്.