തിരുവനന്തപുരം : കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ ഫോറൻസിക് ഫലം കാത്ത് പൊലീസ്. തറവാട്ടിലെ അവസാനത്തെ അവകാശി ജയമാധവൻ നായരുടെ ദൂരൂഹമരണത്തിന് ഇടയാക്കിയ മുറിവുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലത്തിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
പടിക്കെട്ടിൽ തട്ടി വീണതാണെങ്കിൽ തലയ്‌ക്ക് പിന്നിലും മുഖത്തും എങ്ങനെ മുറിവുകൾ ഉണ്ടായി, നടന്നുപോകുമ്പോൾ വീണാൽ ഇത്ര ആഘാതമുണ്ടാക്കുന്ന പരിക്കുകൾ ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഫോറൻസിക് ഫലം കൂടിയേ തീരു.
പരിക്കേൽക്കാനുള്ള സാദ്ധ്യത വിലയിരുത്താനാണ് മൃതദേഹം വീണുകിടന്ന സ്ഥലം പൊലീസ് പരിശോധിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദവിവരങ്ങൾ പുതിയ കണ്ടെത്തലുകളുമായി ഒത്തുനോക്കി ഫോറൻസിക് വിദഗ്ദ്ധർ വിശകലനം ചെയ്ത ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുന്നത്. ഇത് ഉടൻ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2017 ഏപ്രിൽ 2ന് രാവിലെ ഏഴിന് വീട്ടിലെത്തുമ്പോൾ കുഴഞ്ഞുവീണ നിലയിൽ ജയമാധവൻ നായരെ കണ്ടെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻനായരുടെ മൊഴി. തലേന്ന് രാത്രി 11 വരെ താൻ വീട്ടിൽ ഉണ്ടായിരുന്നുവെന്നും രവീന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. ഫോറൻസിക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കാര്യസ്ഥനെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം തവാട്ടിലെ പരിശോധനയിൽ ലഭിച്ച ചില പ്രമാണങ്ങൾ വ്യാജമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.