തിരുവനന്തപുരം : കേരള ബാങ്കിന്റെ രൂപീകരണത്തിനെതിരെ സഹകരണ നിയമത്തിൽ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14 എ യുമായി ബന്ധപ്പെട്ടുള്ള കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലയനത്തിന് ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നതിനെ മറികടക്കാൻ സർക്കാർ കൊണ്ടുവന്ന കേവലഭൂരിപക്ഷമെന്ന നിയമത്തിനെതിരെയാണ് കേസുകളുള്ളത്. എന്നാൽ റിസർവ് ബാങ്ക് കേരളബാങ്കിന് അന്തിമാനുമതി നൽകിയതിനാൽ ലയന നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു . ഇന്ന് കേസ് പരിഗണിക്കുന്നതോടെ ലയനത്തെ സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാരിന് ഉടനെ സാധിക്കുമോ എന്ന് വ്യക്തമാകും. സർക്കാരിന്റെ അപേക്ഷ പ്രകാരമാണ് കേസുകളെല്ലാം ഇന്ന് പരിഗണിക്കുന്നത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് 2020 മാർച്ചിനകം കേരളബാങ്ക് ആരംഭിക്കണമെന്നാണ് റിസർവ് ബാങ്ക് നൽകിയിട്ടുള്ള നിർദ്ദേശം.