-mitchael-santner
mitchael santner

വെല്ലിംഗ്ടൺ : പര്യടനത്തിനെത്തിയ ഇംഗ്ളണ്ടിൽ നിന്ന് ആദ്യ ട്വന്റി 20 യിൽ ഏറ്റ പരാജയത്തിന് പകരംവീട്ടി ന്യൂസിലൻഡ്. ഇന്നലെ രണ്ടാം ട്വന്റി 20 യിൽ 21 റൺസിന് ആതിഥേയർ വിജയിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പര 1-1ന് സമനിലയിലായി. ആദ്യ ട്വന്റി 20 യിൽ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ളീഷ് ജയം.

വെല്ലിംഗ്ടണിൽ ഇന്നലെ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഒാവറിൽ 176/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 19.5 ഒാവറിൽ 155 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.

ഒാപ്പണർ മാർട്ടിൻ ഗപ്ടിൽ (41), വാലറ്റക്കാരൻ ജിമ്മിനീഷം (42), കോളിൻ ഡി ഗ്രാൻഡ് ഹോം (28), റോസ് ടെയ്ലർ (28) എന്നിവരുടെ മികവിലാണ് കിവീസ് 176 റൺസിലെത്തിയത്. ഇംഗ്ളണ്ടിനായി ക്രസ് യോർട്ടാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാം കറാന് രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനെ സ്പിന്നർമാരായ സാന്റ്‌നറും സോധിയും പേസർമാരായ സൗത്തിയും ഫെർഗൂസണും ചേർന്നാണ് തുരത്തിയത്. സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സോധി, സൗത്തി, ഫെർഗൂസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഡാരിൽ മിഷേൽ ഒരു വിക്കറ്റ് സ്വന്തമാക്കി. ഒാപ്പണർ ഡേവിഡ് മലാൻ (39), ക്യാപ്ടൻ ഇയോൻ മോർഗൻ (32), വാലറ്റക്കാരൻ യോർദാൻ (36) എന്നിവർ മാത്രമാണ് ഇംഗ്ളീഷ് നിരയിൽ പിടിച്ചുനിന്നത്. ബെയർസ്റ്റോ (0), വിൻസ് (1), സാം ബില്ലിംഗ്സ് (8), കറാൻ (9) എന്നിവർ നിരാശപ്പെടുത്തിയതാണ് ഇംഗ്ളണ്ടിന് തിരിച്ചടിയായത്.

സാന്റ്‌നറാണ് മാൻ ഒഫ് ദ മാച്ച് . മൂന്നാം ട്വന്റി 20 നാളെ നെൽസണിൽ നടക്കും.

പാക്-ഒാസീസ് ആദ്യ ട്വന്റി -20

മഴ മുടക്കി

സിഡ്നി : പര്യടനത്തിനെത്തിയ പാകിസ്ഥാനുമായുള്ള ആസ്ട്രേലിയയുടെ ആദ്യ ട്വന്റി 20 മത്സരം മഴമൂലം ഉപേക്ഷിച്ചു. 15 ഒാവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ പാകിസ്ഥാൻ 107/5 എന്ന സ്കോർ ഉയർത്തിയശേഷം ആസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോൾ 3.1 ഒാവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസിലെത്തിയപ്പോൾ മഴ കാരണം കളി തുടരാനാകാതെ വരികയായിരുന്നു. മൂന്ന് ട്വന്റി 20 കളും രണ്ട് ടെസ്റ്റുകളുമാണ് പാകിസ്ഥാന്റെ പര്യടനത്തിലുള്ളത്. രണ്ടാം ട്വന്റി 20 നാളെ കാൻബറയിൽ നടക്കും.

പ്രായത്തിൽ മുമ്പനായി ഇർഫാൻ

സിഡ്നി : ഇമ്രാൻ ഖാന് ശേഷം പാകിസ്ഥാനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായംകൂടിയ പേസ് ബൗളറായി ഇർഫാൻ ഖാൻ. ഇന്നലെ ആസ്ട്രേലിയയ്ക്കെതിരെ ആദ്യ ട്വന്റി 20 ക്ക് ഇറങ്ങിയപ്പോഴാണ് ഇർഫാൻ പ്രായത്തിൽ ചരിത്രം കുറിച്ചത്. 1992 ലെ ലോകകപ്പിൽ കളിച്ചപ്പോൾ ഇമ്രാന് 39 വയസായിരുന്നു. അന്ന് പാകിസ്ഥാനെ ലോകകപ്പിൽ മുത്തമിടീച്ച ക്യാപ്ടനായ ഇമ്രാൻ ഇന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയാണ്. 37 വയസാണ് ഇപ്പോൾ ഇർഫാന്. 1955 ൽ ഇന്ത്യയ്ക്കെതിരെ തന്റെ 47-ാം വയസിൽ കളിച്ച മീരാൻ ബക്‌ഷിനാണ് ഏറ്റവും പ്രായമേറിയ പാക് ക്രിക്കറ്റർ എന്ന റെക്കാഡ്.

ബാബോസ്-മ്ളാഡനോവിച്ച്

സഖ്യത്തിന് കിരീടം

ഷെൻഷെൻ : ടിമിയ ബാബോസ്-ക്രിസ്റ്റീന മ്ളാഡനോവിച്ച് സഖ്യം ഡബ്‌ള്യു.ടി.എ ഫൈനൽസ് ഡബിൾസ് കിരീടം നിലനിറുത്തി. ഇന്നലെ നടന്നകലാശക്കളിയിൽ ബാർബറ സ്ട്രൈക്കോവ-സീസുവേയ് സഖ്യത്തെയാണ് നിലവിലെ ചാമ്പ്യൻമാർ കീഴടക്കിയത്. 64 മിനിട്ട് നീണ്ട മത്സരത്തിൽ 6-1, 6-3 എന്ന സ്കോറിനായിരുന്നു ബാബോസ്-മ്ളാഡനോവിച്ച് സഖ്യത്തിന്റെ വിജയം.

ആഷ്‌ലി ബാർട്ടി ജേതാവ്

ഷെൻഷെൻ : സീസണിലെ അവസാന ടൂർണമെന്റായ ഡബ്‌‌ള്യു.ടി.എ ഫൈനൽസിലെ സിംഗിൾസ് കിരീടം സ്വന്തമാക്കിയ ആസ്ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനവും തിരിച്ചു പിടിച്ചു.

ഇന്നലെ ചൈനയിലെ ഷെൻഷെനിൽ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻ എലിന സ്വിറ്റോളിനയെ 6-4, 6-3ന് കീഴടക്കിയാണ് സീസണിനൊടുവിൽ ഒന്നാം റാങ്ക് നിലനിറുത്തുന്ന ആദ്യ ആസ്ട്രേലിയക്കാരിയായി ബാർട്ടി റെക്കാഡിട്ടത്. ഇൗവർഷത്തെ ഫ്രഞ്ച് ഒാപ്പൺ ജേതാവാണ് ബാർട്ടി.

ക്യാപ്ഷൻ

സംസ്ഥാന സ്കൂൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 63- കി.ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ അനു ടി.സാബു. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 11-ാം ക്ളാസ് വിദ്യാർത്ഥിയാണ്.

സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ സ്വർണം നേടിയ എസ്.എസ്. അനീഷ് കുമാർ. വയനാട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനാണ്.

ബംഗളൂരുവിൽ നടന്ന പ്രഥമ ജൂനിയർ സൗത്ത് സോൺ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള ടീം സംസ്ഥാന ഭാരവാഹികൾക്കൊപ്പം.