thumba-accident

തിരുവനന്തപുരം : കരമന - കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ഡപത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാറിലുണ്ടായിരുന്ന 4 പേർക്കും പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. കാറിലുണ്ടായിരുന്ന നീറമൺകര സ്വദേശികളായ വിഷ്ണു (19), നിഖിൽ (19), വെള്ളായണി സ്വദേശി വിഘ്‌നേശ് (19), ആലപ്പുഴ സ്വദേശി സുബിൻ (19) എന്നിവർക്കും ബസ് ഡ്രൈവർ ഷാജി (48), കണ്ടക്ടർ സുരേഷ്‌കുമാർ (47) എന്നിവർക്കുമാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖിലാണ് വെന്റിലേറ്ററിൽ കഴിയുന്നത്. കാറിലുണ്ടായിരുന്ന 4 പേരെയും മെഡിക്കൽ കോളേജാശുപത്രിയിലും ഡ്രൈവറെയും കണ്ടക്ടറെയും നേമം താലൂക്കാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഇന്നലെ വെളുപ്പിന് മൂന്നര മണിയോടെയായിരുന്നു സംഭവം. പാപ്പനംകോട് ഭാഗത്ത് നിന്ന് വെള്ളായണിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കാരയ്ക്കാമണ്ഡപം ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഭാഗത്തേക്ക് പോകവേ നേമത്ത് നിന്നു തിരുവനന്തപുരത്തേക്ക്‌ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കല്യാണമണ്ഡപത്തിൽ പോയ ശേഷം വെള്ളായണിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. എൻജിൻ പുറത്തേക്ക് തെറിച്ചു. ബസിന്റെ മുൻവശത്തെ ടയർ പഞ്ചറായി. കാറിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേർന്ന് കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് കാർ പൊളിച്ചു പുറത്തെത്തിച്ചു. കാർ ഓടിച്ചിരുന്ന വിഘ്‌നേശ് കാറിന്റെ സ്റ്റിയറിംഗിൽ കുടുങ്ങിയതിനാൽ ചെങ്കൽചൂളയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് പാപ്പനംകോട് ഡിപ്പോയിൽ നിന്ന് മെക്കാനിക് വിഭാഗമെത്തി ടയർ മാറ്റിയ ശേഷമാണ് ബസ് കൊണ്ടുപോയത്.