nivya-antony
nivya antony

നിവ്യ ആന്റണിക്ക് പോൾവാട്ടിൽ ദേശീയ

റെക്കാഡ്

ഹൈജമ്പിൽ ജിഷ്ണയ്ക്ക് മീറ്റ് റെക്കാഡ്

കേരളം മൂന്നാംസ്ഥാനത്ത്, ഹരിയാന മുന്നിൽ

ഗുണ്ടൂർ : ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന 35-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി വനിതാ പോൾവാട്ട് താരം നിവ്യ ആന്റണിക്ക് ദേശീയ റെക്കാഡിന്റെ ചിറക്. 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 3.75 മീറ്റർ ചാടിയാണ് നിവ്യ റെക്കാഡ് തിരുത്തിക്കുറിച്ചത്. 20 വയസിൽ താഴെയുള്ളവരുടെ ഹൈജമ്പിൽ 1.77 മീറ്റർ ചാടി കേരളത്തിന്റെ ജിഷ്ണ മീറ്റ് റെക്കാഡും തിരുത്തിയെഴുതിയെങ്കിലും മീറ്റ് രണ്ട് ദിനം പിന്നിടുമ്പോൾ മൂന്നാംസ്ഥാനത്താണ് പലകുറി ചാമ്പ്യൻമാരായിട്ടുള്ള കേരളം.

അഞ്ച് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് ഇന്നലെ കേരളം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിന്റെ ആകെ മെഡൽ നേട്ടം ആറ് സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലങ്ങളുമായി. ഹരിയാനയാണ് പോയിന്റ് നിലയിൽ ഒന്നാമത്. തമിഴ്നാടിനാണ് രണ്ടാംസ്ഥാനം.

ഇന്നലെ 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പോൾവാട്ടിൽ നിവ്യ, ഹൈജമ്പിൽ ജിഷ്ണ, 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ മീരാഷിബു എന്നിവരും 18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 400 മീറ്ററിൽ സി.ആർ. അബ്ദു റസാഖ്, 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ പെന്റാതലണിൽ തൗഫീക്ക് എന്നിവരുമാണ് സ്വർണത്തിന് അവകാശികളായത്.

2015 ൽ മലയാളിതാരം മരിയ ജയ്സൺ റാഞ്ചിയിൽ കുറിച്ചിരുന്ന 3.70 മീറ്ററിന്റെ റെക്കാഡ് തിരുത്തിയെഴുതുകയായിരുന്നു നിവ്യ ഇന്നലെ ഗുണ്ടൂരിൽ. മദ്ധ്യപ്രദേശിന്റെ ബബിത പട്ടേൽ 3.20 മീറ്റർ ചാടി വെള്ളി നേടിയപ്പോൾ 3.15 മീറ്റർ ചാടിയ കേരളത്തിന്റെ ബ്ളെസി കുഞ്ഞുമോനാണ് വെങ്കലം.

ഹൈജമ്പിൽ 1.77 മീറ്റർ ചാടിയ ജിഷ്ണ കഴിഞ്ഞവർഷം റാഞ്ചിയിൽ നടന്ന മീറ്റിൽ രേഖ കുറിച്ചിരുന്ന 1.75 മീറ്ററിന്റെ റെക്കാഡാണ് മറികടന്നത്.

400 മീറ്ററിൽ 47.90 സെക്കൻഡിൽ ഒാടിയെത്തിയാണ് അബ്ദുറ സാഖ് സ്വർണത്തിന് അവകാശിയായത്. രണ്ടാംസ്ഥാനത്തെത്തിയ തെലങ്കാനയുടെ അനികേത് ചൗധരി 48.75 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അണ്ടർ 18 ഡെക്കാത്ത് ലണിൽ കേരളത്തിനായി മത്സരിച്ച അബ്ദുള്ള അബ്ദുൽ മാജി വെങ്കലം നേടി.

അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്ററിൽ കേരളത്തിന്റെ ഗൗരി നന്ദന 55-59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. കർണാടകയുടെ പ്രിയയ്ക്കാണ് (55.27 സെക്കൻഡിലെ സ്വർണം. അണ്ടർ 18 പോൾവാട്ടിലെ വെങ്കലവും കേരളത്തിനാണ്. മൂന്ന് മീറ്റർ ക്ളിയർ ചെയ്ത ആരതി നായരാണ് ഇൗ മെഡലിന് ഉടമ. അണ്ടർ 18 ഹൈജമ്പിൽ 1.65 മീറ്റർ ചാടിയാണ് മീരയുടെ സ്വർണം. ലോംഗ് ജമ്പിൽ കേരളത്തിനായി മത്സരിച്ച പി.എസ്. പ്രഭാവതി വെള്ളി നേടിയപ്പോൾ തമിഴ്നാടിനായി ഇറങ്ങിയ തബിത സ്വർണം നേടി.

20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 100 മീറ്ററിൽ ഒൻപത് വർഷംമുമ്പ് സുജിത്ത് കുട്ടൻ കുറിച്ച 10.65 സെക്കൻഡിന്റെ മീറ്റ് റെക്കാഡ് തിരുത്തിയെഴുതി ലോവർ പ്രീത് സിംഗ് 10.60 സെക്കൻഡിൽ സ്വർണം നേടി വേഗതയേറിയ താരമായി. ഇൗയിനത്തിൽ മത്സരിച്ച കേരളത്തിന്റെ സി. അഭിനവ് 10.89 സെക്കൻഡിൽ വെങ്കലത്തിലെത്തി.

നിവ്യയെക്കൂടാതെ അണ്ടർ 16 ലോംഗ് ജമ്പിൽ റോബർട്ട് ബോബി ജോർജിന്റെ ശിഷ്യയായ ശൈലി സിംഗ്, അണ്ടർ -18 100 മീറ്റർ റിഫിക് മാലിക്ക് (10.65 സെക്കൻഡ്), അണ്ടർ -20, ഗേൾസ് 1500 മീറ്ററിൽ

ചുരു

(4 മിനിട്ട് 17.18 സെക്കൻഡ്) എന്നിവരും ഇന്നലെ ദേശീയ റെക്കാഡ് തിരുത്തിയെഴുതി.