മലയിൻകീഴ് : ഊരൂട്ടമ്പലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പാനൽ വിജയിച്ചു. പ്രസിഡന്റായി ജി. ജനാർദ്ദനൻനായരെ ആദ്യ ഡയറക്ടർബോർഡ് യോഗം തിരഞ്ഞെടുത്തു. 11 അംഗ ഡയറക്ടർ ബോർഡിലേക്കായിരുന്നു മത്സരം. 42 വർഷം ഭരണം കൈയാളിയിരുന്ന പി. കുട്ടപ്പൻനായർ ബി.ജെ.പി - കോൺഗ്രസ്‌ സഖ്യത്തിലാണ് മത്സരിച്ചത്. ഇവരുടെ പാനലിൽ കുട്ടപ്പൻനായർ ഉൾപ്പെടെ 5 പേർ വിജയിച്ചു. ഇടതുമുന്നണിക്ക് 6 സീറ്റ് ലഭിച്ചു. പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന വാശിയിലായിരുന്നു മുന്നണികളുടെ പ്രവർത്തനം. കോൺഗ്രസ്‌- ബി.ജെ.പി സഖ്യത്തിന് വേണ്ടി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം. മഹേന്ദ്രൻ, അഡ്വ. എം. മണികണ്ഠൻ എന്നിവരും ഇടതുമുന്നണിക്ക് വേണ്ടി സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി. സ്റ്റീഫൻ, സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ. ഭാസുരാംഗൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആദ്യമായിട്ടാണ് ഇടതുമുന്നണിക്ക് ഊരൂട്ടമ്പലം സഹകരണ ബാങ്ക് ഭരണം ലഭിക്കുന്നത്.