ന്യൂഡൽഹി: ഡൽഹിയിലെ പുക മഞ്ഞിൽ മുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബംഗ്ളാദേശിനെതിരായ മൂന്ന് ട്വന്റി -20 കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റൺസ് നേടിയപ്പോൾ സന്ദർശകർ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 19.3 ഒാവറിൽ ലക്ഷ്യം മറികടന്നു.
ആദ്യ ഒാവറിൽ ലിട്ടൺദാസിന്റെ (7) വിക്കറ്റ് നഷ്ടമായിരുന്ന സന്ദർശകരെ മുഷ്ഫിഖുർ റഹിം (60*), സൗമ്യ സർക്കാർ(39),മുഹമ്മദ് നയീം (26) എന്നിവരുടെ പോരാട്ടമാണ് വിജയത്തിലെത്തിച്ചത്.എട്ടാം ഒാവറിൽ നയിമിനെ ഇന്ത്യ വീഴ്ത്തിയപ്പോൾ ക്രീസിലെത്തിയ മുഷ്ഫിഖുർ 43 പന്തുകളിൽ എട്ടു ഫോറും ഒരു സിക്സുമടിച്ചത് നിർണായകമായി.മുഷ്ഫിഖുർ ആണ് മാൻ ഒഫ് ദ മാച്ച്.
വിശ്രമത്തിലുള്ള വിരാട് കൊഹ്‌ലിക്ക് പകരം ടീമിനെ നയിച്ച രോഹിത് ശർമ്മയെ നാണയഭാഗ്യം തുണച്ചില്ല. വിലക്കിലായ ഷാക്കിബിന് പകരം ബംഗ്ളാദേശിനെ നയിച്ച മഹ്‌മൂദുള്ള ടോസ് ലഭിച്ചപ്പോൾ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചു. ആദ്യപന്തിൽതന്നെ ഷഫിയുൽ ഇസ്ളാമിനെ ബൗണ്ടറി കടത്തിയ രോഹിത് മറ്റൊരു ബൗണ്ടറിയിലൂടെ ട്വന്റി 20 യിലെ റൺവേട്ടയുടെ റെക്കാഡ് തിരുത്തിയതിന് പിന്നാലെ ആദ്യ ഒാവറിന്റെ അവസാന പന്തിൽ പുറത്തായി. അഞ്ച് പന്തിൽ ഒൻപത് റൺസ് നേടിയ രോഹിത് എൽ.ബി .ഡബ്‌ള്യുവിൽ കുരുങ്ങിയാണ് മടങ്ങിയത്. റിവ്യു നൽകിയെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു ഫലം.
തുടർന്നിറങ്ങിയ കെ.എൽ. രാഹുലിനൊപ്പം ധവാൻ പതിയെ ഇന്നിംഗ്സ് കെട്ടിപ്പെടുക്കാൻ ശ്രമിച്ചു. ആദ്യ അഞ്ചോവർ പിന്നിടുമ്പോൾ ഇന്ത്യ 29/1 എന്ന നിലയിലായിരുന്നു. ഏഴാം ഒാവറിൽ രാഹുലിന് (15) കൂടാരം കയറേണ്ടിവന്നു. അമിനുൽ ഇസ്ളാമിന്റെ പന്തിൽ കട്ട് ചെയ്യാൻ ശ്രമിച്ച രാഹുലിന്റെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് ഷോർട്ട് കവറിൽ മഹ്‌മൂദുള്ള പിടികൂടുകയായിരുന്നു. തുടർന്നിറങ്ങിയ ശ്രേയസ് അയ്യർ മത്സരത്തിലെ ആദ്യ സിക്‌സ് പറത്തിയപ്പോൾ ആദ്യ പത്തോവറിൽ ഇന്ത്യ 69/2 എന്ന നിലയിലായി.
എന്നാൽ 11-ാം ഒാവറിൽ ശ്രേയസിന് തിരിച്ചുനടക്കേണ്ടിവന്നു. 13 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 22 റൺസടിച്ച ശ്രേയസിനെ അമിനുൽ ഇസ്ളാം നയിമിന്റെ കൈയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ഋഷഭ് പന്തും ശിഖർ ധവാനും ചേർന്ന് സ്കോറിംഗ് മുന്നോട്ടുനയിച്ചു. 15-ാം ഒാവറിൽ ടീം സ്കോർ 95 ൽ നിൽക്കുമ്പോഴാണ് ധവാൻ റൺ ഒൗട്ടായത്. 42 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ ധവാൻ രണ്ടാം റൺസിന് ക്ഷണിച്ച ശേഷം വേണ്ടെന്ന് പറഞ്ഞ ഋഷഭ് പന്തിന്റെ പിഴവിൽ കുരുങ്ങിയാണ് പുറത്തായത്. തുടർന്ന് ശിവം ദുബെ അരങ്ങേറ്റത്തിനിറങ്ങി. എന്നാൽ നാല് പന്തുകൾ നേരിട്ടിട്ടും ഒരു റൺസ് മാത്രമെടുത്ത് ദുബെ കൂടാരം കയറി. അഫിഫ് ഹൊസൈന് റിട്ടേൺ ക്യാച്ച് നൽകുകയായിരുന്നു. ദുബെ. 19-ാം ഒാവറിലാണ് പന്ത് പുറത്താകുന്നത്. 26 പന്തുകൾ നേരിട്ട ഋഷഭ് മൂന്ന് ബൗണ്ടറികൾ പായിച്ചിരുന്നു. അവസാന ഒാവറുകളിൽ (കുനാൽ പാണ്ഡ്യയും (എട്ട് പന്തിൽ 15 റൺസ്), വാഷിംഗ്ടൺ സുന്ദറും (അഞ്ച് പന്തിൽ 14 റൺസ്), ചേർന്ന് ആഞ്ഞടിച്ചാണ് 148 ലെത്തിച്ചത്.