vkp

തിരുവനന്തപുരം: അപ്രതീക്ഷിതമായി രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിലും ആക്രമണത്തിലും ഭയന്നിരിക്കുകയാണ് വട്ടിയൂർകാവ് മണികണ്ഠേശ്വരത്തെ ജനങ്ങൾ. ഡി.വൈ.എഫ്.ഐയുടെ പതാക ഉയർത്തലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഉടൻ അവസാനിക്കില്ലെന്ന ആശങ്കയിലാണ് നാട്ടുകാർ. ഡി.വൈ.എഫ്.ഐക്കാർ സംഘടനയുടെ സ്ഥാപകദിനമായ ഇന്നലെ മണികണ്ഠേശ്വരം ജംഗ്ഷനിൽ സ്ഥാപിച്ച കൊടിമരം ആർ.എസ്.എസുകാർ തകർത്തെന്ന് ആരോപിച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ബി.ജെ.പിയുടെ സ്വാധീന മേഖലയാണ് മണികണ്ഠേശ്വരമെന്ന് സി.പി.എം പറയുന്നുണ്ടെങ്കിലും മറ്റു പാർട്ടികളും ഇവിടെ സജീവമായി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികനാളാകുന്നതിന് മുൻപേ നടന്ന സംഘർഷം വലിയ ആക്രമണമായി മാറുമോയെന്ന ആശങ്ക നാട്ടുകാർക്കുണ്ട്.

ഏഴ് പൊലീസുകാർ ഉൾപ്പെടെ ഇരുപതോളം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
പ്രശ്നങ്ങൾ പരിഹരിച്ച് സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒത്തൊരുമിച്ച് നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ , 65 പേർക്കെതിരെ കേസ്

മണികണ്ഠേശ്വരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു ആർ.എസ് .എസ് പ്രവർത്തകർ പിടിയിലായതിന് പിന്നാലെ 65 പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. അക്ഷയ്, പ്രമോദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈ.എഫ്.ഐയുടെ കൊടിമരം തകർത്തത്തിനും പ്രവർത്തകൻ രതീഷിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതിനുമായി എട്ട് ആർ.എസ് .എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട കണ്ടാലറിയാവുന്ന 50 ആർ.എസ് .എസ് കാരുടെയും 15 സി.പി.എം - ഡിവൈ.എഫ്.ഐ പ്രവർത്തകരുടെയും പേരിൽ കേസെടുത്തിട്ടുണ്ട്.
ഇതിനു പുറമേ വട്ടിയൂർക്കാവ് പോളിടെക്നിക്കിന് മുന്നിൽ ആർ.എസ് .എസുകാരെ ആക്രമിച്ച കേസിൽ സി.പി.എമ്മുകാർക്കെതിരെയും മണികണ്ഠേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ആർ.എസ് .എസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. മൊഴി രേഖപ്പെടുത്തുന്നത് രാത്രി വൈകിയും നടക്കുന്നതിനാൽ മറ്റുപ്രതികളുടെ പേരുകൾ ലഭിച്ചിട്ടില്ല.