തിരുവനന്തപുരം : മുറിഞ്ഞപാലത്തിന് സമീപം രാത്രിയിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ സി.പി.എം പ്രവർത്തകനായ അരുണിന് പരിക്കേറ്റു. ഇന്നലെ രാത്രി 9 നായിരുന്നു സംഭവം. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകനെ അരുൺ ഭീഷണിപ്പെടുത്തി എന്നാരോപിച്ചായിരുന്നു സംഘർഷം. അരുൺ വഴിയിൽ തടഞ്ഞു നിറുത്തി വിരട്ടിയെന്ന പരാതിയുമായി ബി.ജെ.പി പ്രവർത്തകർ ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനിൽ എത്തിയിരുന്നു. ഈ വിഷയത്തിൽ ഇന്ന് രാവിലെ ഇരുകൂട്ടരും സ്റ്റേഷനിൽ എത്തണമെന്ന് ഇന്നലെ വൈകിട്ട് ഇരുവരെയും പൊലീസ് അറിയിച്ചു. എന്നാൽ രാത്രിയിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ കേസെടുക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.