തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ തറവാട് വീടിന്റെ പിൻവശത്ത് നിന്ന് രക്തക്കറ പുരണ്ടതെന്ന് കരുതുന്ന പട്ടികകഷണം കണ്ടെത്തി. രക്തതുള്ളികൾ ഉണങ്ങിപിടിച്ച നിലയിലുള്ള അടയാളങ്ങളോടെ വീടിന്റെ പിൻവശത്ത് പെട്ടെന്ന് ആരും കാണാത്ത വിധം ഒളിപ്പിച്ചിരുന്ന പട്ടികകഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ഉണങ്ങിപിടിച്ചനിലയിലാണ് രക്തക്കറ കണ്ടത്. ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പട്ടികകഷണത്തിൽ രക്തതുള്ളികൾ ഉണങ്ങിപിടിച്ചതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ അന്വേഷണം വേണ്ടതുണ്ട്. ഇതിനായി പട്ടികകഷണം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
പൊലീസിന് ലഭിച്ച പട്ടികകഷണം ഉപയോഗിച്ചുളള ആക്രമണത്തിലുള്ള പരിക്കുകളാണോ ജയമാധവന്റെ ശരീരത്തുണ്ടായിരുന്നതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം ഫോറൻസിക് പരിശോധനയിലേ സ്ഥിരീകരിക്കാനാകൂ. ജയമാധവനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി പറയപ്പെടുന്ന കൂടത്തിൽ വീട്ടിലെ ഹാൾ മുറിയിൽ പല സ്ഥലത്തായി രക്തത്തുള്ളികളും രക്തം ചീറ്രിയ അടയാളങ്ങളും കണ്ടെത്തി. ഇത് തുടച്ച് വൃത്തിയാക്കിയതായും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജയമാധവനെ ആശുപത്രിയിലെത്തിച്ച ദിവസമോ മരണപ്പെട്ട ശേഷം പൊലീസിന് നൽകിയ മൊഴിയിലോ ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇത് പൊലീസിന് സംശയങ്ങൾ ബലപ്പെടുത്തുന്നുണ്ട്.
പട്ടികകഷണത്തിലുള്ളത് ജയമാധവന്റെ രക്തമായിരുന്നുവെന്ന് സ്ഥിരീകരിച്ചാൽ കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരും. ജയമാധവൻ ധരിച്ചിരുന്നതോ ഉപയോഗിച്ചിരുന്നതോ ആയ വസ്ത്രങ്ങളൊന്നും കൂടത്തിൽ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. ജയമാധവന്റെ മരണത്തോടെ ഇവയും ചികിത്സാരേഖകളുമെല്ലാം നശിപ്പിച്ച് കളഞ്ഞതായി രവീന്ദ്രൻനായർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. വീട്ടിനുള്ളിൽ നിന്നും പട്ടികകഷണത്തിലും രക്തക്കറ കണ്ടെത്തിയതോടെ വസ്ത്രങ്ങളും കിടക്കവിരികളും മറ്റും നശിപ്പിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെയും തെളിവെടുക്കലിന്റെയും ഭാഗമായി കൂടത്തിൽ വീടിനുള്ളിൽ ഏറെക്കുറെ എല്ലാ ഭാഗങ്ങളും അന്വേഷണ സംഘം അരിച്ചുപെറുക്കി. മുറികൾ കഴുകി വൃത്തിയാക്കിയതുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരി ലീലയെ അന്വേഷണ സംഘം വീണ്ടും കാണും. അതേസമയം, കൂടത്തിൽ തറവാട്ടിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട കളക്ടറുൾപ്പെടെയുള്ള ചിലർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യഹർജിയിൽ അന്വേഷണ സംഘം കോടതി മുമ്പാകെ വിശദീകരണം നൽകും. ഹർജിയിൽ കോടതി തീരുമാനം അറിഞ്ഞശേഷമേ അറസ്റ്റുണ്ടാകാൻ സാദ്ധ്യതയുള്ളുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യാജരേഖചമയ്ക്കലിനും സ്വത്ത് തട്ടിപ്പിനും തെളിവെടുപ്പ് പൂർത്തിയായാൽ അറസ്റ്റിന് തടസമില്ലെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.