തിരുവനന്തപുരം: കിളിമാനൂരിൽ ഒരുവർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കാമുകനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കലത്ത് കാവ് സ്വദേശി സംഗീതാണ് (21) അറസ്റ്റിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രണയം നടിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ വശീകരിച്ച ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിനുശേഷം മാനസികമായി തകർന്ന പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കി. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ കേസ് പോക്സോ കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കാമുകനായിരുന്ന സംഗീതിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.