സാക്ഷരതയിൽ പിന്നിലും വിവരക്കേടിൽ മുന്നിലും നിൽക്കുന്ന സംസ്ഥാനങ്ങളിൽ വെറും ജില്ലാ പൊലീസ് മേധാവികൾ സഞ്ചരിക്കുന്നത് കണ്ടിട്ടുള്ളവർക്ക് മനസിലാകും, ഉത്തരേന്ത്യക്കാരായ ഐ.പി.എസുകാരുടെ മാനസികപ്രശ്നം. രാജാവാണ് എഴുന്നള്ളുന്നതെന്ന് തോന്നും, മുന്നിലും പിന്നിലുമുള്ള വാഹനവ്യൂഹങ്ങൾ കണ്ടാൽ! ഐ.പി.എസ് ലഭിച്ചതോടെ രാജപദവി കിട്ടിയെന്ന മൗഢ്യം മാത്രമല്ല ആവശ്യത്തിലേറെ ഭീരുത്വവുമുണ്ട്, ഈ സായുധസംഘയാത്രയ്ക്ക് പിന്നിൽ.
സി.പി.എം പ്രവർത്തകരായ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി തടവിലാക്കിയ സംഭവത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. മാവോയിസ്റ്റ് ലഘുലേഖയല്ല, മാവോയിസത്തെക്കുറിച്ചുള്ള കൂറ്റൻ ഒരു പുസ്തകം ഒരാൾ കൈവശം വച്ചിരിക്കുന്നുവെന്ന് കേട്ടാൽ പോലും മലയാളികൾക്ക് ഒരു ഭയവും തോന്നില്ല. വായിക്കുന്നവരെ കണ്ടും ധാരാളം വായിച്ചും വളർന്നവരാണ് മലയാളികൾ. എന്നാൽ, വായനയുടെ പരിസരം അപരിചിതമായ ഉദ്യോഗസ്ഥർ മാരകായുധങ്ങളെ പോലെ അക്ഷരങ്ങളെ ഭയക്കുന്നുണ്ടാവാം.
കേരളത്തിലെ മറുനാടൻ പൊലീസ് ഉദ്യോഗസ്ഥർ മനസിലാക്കേണ്ട രണ്ട് സാമൂഹിക യാഥാർത്ഥ്യങ്ങളുണ്ട്. ഒന്ന് : ഒരു ലഘുലേഖയിൽ നിന്ന് എന്തെങ്കിലും പഠിക്കേണ്ട ആവശ്യമില്ലാത്ത വിധം മലയാളികൾക്ക് വർഷങ്ങളായി നക്സലിസത്തെക്കുറിച്ചും മാവോയിസത്തെക്കുറിച്ചുമൊക്കെ വളരെ നന്നായി അറിയാം. രണ്ട് : അടിമത്തം അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ മലയാളികളെ പോലെ ക്ഷോഭത്തോടെ പ്രതികരിക്കുന്നവർ രാജ്യത്ത് ഒരിടത്തുമില്ല. അതിന് തെളിവാണ് ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ.
മാവോയിസത്തെക്കുറിച്ച് അറിയാത്തതിനാലോ, സംസ്ഥാനത്ത് ഇനി ഒരു രാഷ്ട്രീയബദലും ആവശ്യമില്ലെന്ന് വിശ്വസിക്കുന്നതിനാലോ അല്ല കേരളത്തിലെ പൊതുസമൂഹം ആ മാർഗം സ്വീകരിക്കാത്തത്. സായുധ കലാപത്തിന്റെ പ്രത്യയശാസ്ത്രം സംസ്ഥാനത്ത് ആവശ്യമില്ലാത്തതിനാലാണ്. ആവശ്യമില്ലാതായത് ആശയങ്ങൾ ഗ്രഹിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവ് ആർജിച്ചത് മൂലമാണ് താനും. പരിമിതികൾ മാറിയിട്ടില്ലെങ്കിലും ആർക്കും വളർന്നുവരാനുള്ള സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. പതിറ്റാണ്ടുകൾ മുമ്പ് പോലും മനുഷ്യാവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെട്ടിരുന്നില്ലെന്നതിന് തെളിവാണ് രാഷ്ട്രപതി സ്ഥാനത്ത് വരെ എത്തിയ, ഒരു സാധാരണ ദളിത് കുടുംബത്തിൽ ജനിച്ച ആദരണീയനും യശഃശരീരനുമായ കെ.ആർ. നാരായണൻ. ഉച്ചനീചത്വവും ചൂഷണവും കൊടികുത്തിവാഴുന്ന മേഖലകളിലെപ്പോലെ മാവോയിസത്തിന്റെ പരിപ്പ് സംസ്ഥാനത്ത് വേവില്ല. ഒരു ലഘുലേഖയൊന്നും പോരാ, ആ പരിപ്പ് ഇവിടെ വേവിക്കാൻ.
എന്നാൽ, ആശയങ്ങൾ അപകടകരമാണെന്ന് കൊമ്പൻ പറഞ്ഞാലും വങ്കൻ പറഞ്ഞാലും മലയാളികൾ വകവച്ചുതരില്ല. ചാതുർവർണ്യത്തിന്റെ ചതുപ്പിൽ വളർന്നവരും മനസിൽ ഫാസിസത്തെ താലോലിക്കുന്നവരുമാണ് ആശയങ്ങളെ ഭയക്കുന്നതും വേവലാതിയോടെ കാണുന്നതും. കീഴാളരുടെ ശബ്ദം വിലക്കപ്പെട്ടിരുന്ന രാജഭരണത്തിന്റെ കാലത്ത് പോലും ആശയങ്ങളുടെ വാമൂടാൻ സാധിച്ചിട്ടില്ല. കാലം ഒരുപാട് മാറിയെന്ന് തിരിച്ചറിയാതെ ഇനി ഇപ്പോൾ അതിന് മുതിരാതിരിക്കുന്നതാണ് വിവേകം. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ചെറുത്തുനില്പുകളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഒരു തവണയെങ്കിലും വായിച്ചു നോക്കിയിട്ട് വേണം ആനപ്പുറത്ത് ഇരിക്കുന്നതിന്റെ അഹങ്കാരം കാണിക്കാൻ.
സംഭ്രമജനകമായ വിവാദങ്ങൾ അടിക്കടി സൃഷ്ടിച്ച് ജനങ്ങളെ മറവിരോഗികളാക്കാൻ സാധിക്കില്ലെന്നും ഓർക്കണം. സാധിക്കുമായിരുന്നുവെങ്കിൽ ഭരണമാറ്റത്തിന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് ഇടയാക്കുമായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഘോഷയാത്ര പോലെയായിരുന്നു സെക്സും സ്റ്റണ്ടും വരെ അടങ്ങിയ വിവാദങ്ങൾ വന്നിരുന്നത്! ഒടുവിൽ, തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ തെളിഞ്ഞത് ഒരു മറവിരോഗവും ജനത്തെ സ്പർശിച്ചിട്ട് പോലുമില്ലെന്നാണ്.
ഭീകരപ്രവർത്തനം തടയാൻ ആവശ്യമെങ്കിൽ കർക്കശമായ നിയമങ്ങൾ ഉപയോഗിക്കാം. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുക പ്രധാനമാണ്. എന്നാൽ, ഭീകരപ്രവർത്തനം കേരളത്തിൽ എവിടെയിരിക്കുന്നു? അട്ടപ്പാടിയിൽ ഈയിടെ കൊല്ലപ്പെട്ട മവോയിസ്റ്റുകൾ പോലും ഇവിടെ ഒരു ഭീകരപ്രവർത്തനവും നടത്തിയിട്ടില്ല. അതിനാൽ, ഭീകരപ്രവർത്തനമാണെന്ന് തെളിയിക്കാതെ ആശയങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് മലയാളികൾ അംഗീകരിക്കുകയില്ല. ജനിച്ചുവളർന്ന സാഹചര്യം മൂലം മറുനാടൻ പൊലീസ് ഉദ്യോഗസ്ഥർക്ക് അത് അറിയില്ലായിരിക്കാം. അത് അവരുടെ കുഴപ്പമല്ല.
ഉത്തരേന്ത്യൻ ഉപദേശങ്ങളും വിനീതവിധേയത്വവും ആകർഷകമായി അനുഭവപ്പെടാമെങ്കിലും ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാർ, മലയാളികളെ മനസിലാക്കാത്തവരെ തിരുത്തുക തന്നെ വേണം. പെട്ടെന്ന് ക്ഷോഭിക്കുന്നവരാണ് യുവാക്കൾ. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സാധിക്കാതിരിക്കെ, അവരെ തീവ്രവാദത്തിന്റെ വഴികളിലേക്ക് തള്ളിവിടരുത്.