തിരുവനന്തപുരം: കരമന കാലടിയിലെ കൂടത്തിൽ വീട്ടിലെ ജയമാധവൻ നായരുടെ ദുരൂഹ മരണം തെളിയിക്കാൻ ഡമ്മി പരീക്ഷണത്തിനുൾപ്പെടെ തയാറെടുക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. വീടിന്റെ കട്ടിളപ്പടിയിൽ തട്ടി തലയിടിച്ച് വീണ് മരിച്ചുവെന്നാണ് മൊഴി. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് അടുത്തദിവസം പുറത്തുവന്ന രാസപരിശോധനാ ഫലത്തിലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരൂഹത അഴിക്കാൻ ഡമ്മി പരീക്ഷണത്തിന് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇതിനായി ജയമാധവന്റെ ശരീര പ്രകൃതിയോട് സാമ്യമുള്ള ഒരു ഡമ്മി ഉണ്ടാക്കും. കട്ടിലിൽ നിന്ന് ഉറക്കത്തിലോ അല്ലാതെയോ വീഴാനുള്ള സാദ്ധ്യതകൾ മുൻനിറുത്തിയുള്ള പരിശോധനകൾക്കുവേണ്ടിയാണിത്. കട്ടിലിൽ നിന്ന് കമിഴ്ന്നോ, ചരിഞ്ഞോ വീണാൽ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങൾക്ക് പരിക്കുകളും ക്ഷതങ്ങളുമുണ്ടാകാമെന്ന് ഇതിലൂടെ വിലയിരുത്തും.
വീടിന്റെ കട്ടിളപ്പടിക്ക് സമീപവും ഡമ്മി പരിശോധന നടത്താൻ ആലോചിക്കുന്നുണ്ട്. കതക് തുറക്കുമ്പോഴോ മറ്റോ വീണതാണോയെന്ന് അറിയാൻ വേണ്ടിയാണിത്. ഇതോടൊപ്പം ഡമ്മിയിൽ വിവിധ ഭാഗങ്ങളിൽ ആഘാതമേൽപ്പിച്ചും ക്ഷതങ്ങളെയും വീഴ്ചയേയുംപറ്റി ഫോറൻസിക് വിഭാഗത്തിന്റെയും ഡോക്ടർമാരുടെയും സഹായത്തോടെ അന്വേഷണ സംഘം വിലയിരുത്തൽ നടത്തും. തുടർന്നാവും ദുരൂഹ മരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു ശരിയായ വിശകലനത്തിലേക്ക് അന്വേഷണ സംഘം എത്തുക.
അന്വേഷണ വഴിയിലെ പുതുതന്ത്രം
കൂടത്തിൽ കേസിന്റെ ദുരൂഹതയുടെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘം പുറത്തെടുക്കുന്നത് പുതു തന്ത്രം. മൊഴികളിലെ വൈരുദ്ധ്യങ്ങളെ ശാസ്ത്രീയ തെളിവുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുചോദ്യങ്ങളിലൂടെയും പുറത്തുകൊണ്ടുവരാനാണ് ശ്രമം. കാലപ്പഴക്കമുള്ള കേസായതിനാൽ ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന ആക്ഷേപം ഒഴിവാക്കാൻ വേണ്ടിയാണിത്.
സ്വത്ത് തട്ടിപ്പിലുപരി കൂടത്തിൽ തറവാട്ടിലെ ജയമാധവന്റെ ദുരൂഹമരണം സംബന്ധിച്ച ചില തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുകയും കുറ്റകൃത്യം തെളിയിക്കുകയുമാണ് അടുത്തഘട്ടം. ഇതിനായി കൂടത്തിൽ വീടുമായി സഹകരിച്ചിരുന്ന മൂന്നുപേരെ ക്രൈംബ്രാഞ്ച് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് കരമന പൊലീസിനും ഇന്റലിജൻസിനും ജില്ലാ ക്രൈംബ്രാഞ്ചിനും പ്രത്യേക അന്വേഷണ സംഘത്തിനും ഇവർ നൽകിയ മൊഴികൾ വിശദമായി പരിശോധിക്കും. നാല് തവണയായി ഇവർ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളിലും പൊരുത്തക്കേടുകളിൽ നിന്നുമാകും അന്വേഷണ സംഘം നേര് ചികയുക.
മൊഴികളിലെ വൈരുദ്ധ്യങ്ങൾ ഇവരെ ബോദ്ധ്യപ്പെടുത്തുന്നതിനൊപ്പം കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങളും അവർക്ക് മുന്നിൽ നിരത്തും. ഇവരുടെ മൊഴികളിലൂടെ കേസിന്റെ ചുരുളഴിയിക്കാനായാൽ കാലപ്പഴക്കവും നഷ്ടപ്പെട്ടുപോയ തെളിവുകളുടെ പരിമിതിയും മറികടക്കുന്നതിനൊപ്പം പ്രോസിക്യൂഷന് സഹായകമായ വിധത്തിൽ മൊഴി നൽകുന്ന ഒരാളെ മാപ്പ് സാക്ഷിയാക്കുകകൂടി ചെയ്ത് കേസ് ബലപ്പെടുത്താമെന്നാണ് പ്രത്യേക സംഘം കരുതുന്നത്. ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യ തെളിവുകൾ, സംഭവ ദിവസങ്ങളിലും തുടർന്നും സംശയിക്കപ്പെടുന്നവരുടെ പ്രവൃത്തികൾ, പെരുമാറ്റങ്ങൾ ഇവയെല്ലാം മറ്റുള്ളവരിൽ നിന്ന് മനസിലാക്കാനും സാമ്പത്തിക, സ്വത്ത് ഇടപാടുകൾ എന്നിവയുടെയെല്ലാം പൊരുളറിയാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പൊലീസിന്റെ 10 സംശയങ്ങൾ
1. ജയമാധവനെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവം പരിസരവാസികളെയും അടുത്തു താമസിക്കുന്ന ബന്ധുക്കളെയും അറിയിക്കാതിരുന്നത്.
2. വീട്ടുമുറ്രത്ത് അയൽവാസിയുടെ വാഹനം ഉണ്ടായിരുന്നിട്ടും ദൂരെനിന്ന് വാഹനം വരുത്തിയത്.
3. കൂടത്തിൽ വീടിന്റെ വാതിൽ അടയ്ക്കാറില്ലെന്ന മൊഴി.
4. ജയമാധവന്റെയും മുമ്പ് മരിച്ച ജയപ്രകാശിന്റെയും മരണങ്ങൾ സംബന്ധിച്ച മൊഴികളിലെ സമാനത.
5. തറയിൽ കമിഴ്ന്ന് കിടന്ന ജയമാധവനെ തനിച്ചെടുത്ത് കട്ടിലിൽ കിടത്തിയെന്ന കാര്യസ്ഥന്റെ മൊഴി
6. ജയമാധവനുമായി മെഡിക്കൽ കോളേജിലേക്ക് ആട്ടോയിൽ പോയ സമയവും ആശുപത്രിയിലെത്തിയതും മരണം സ്ഥിരീകരിച്ച സമയവും തമ്മിലുള്ള പൊരുത്തക്കേട്.
7. ജയമാധവന്റെ ശരീരത്തിൽ മുറിവുണ്ടായിട്ടും രക്തം വാർന്നതോ മുറിയിൽ രക്തമുണ്ടായിരുന്നതോ മൊഴിയിൽ പരാമർശിക്കാതിരുന്നത്.
8. ജയമാധവന്റെ വസ്ത്രങ്ങളും ചികിത്സാ രേഖകളും മരുന്നും നശിപ്പിച്ചത്.
9. മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ കൊണ്ടുപോകാൻ ശ്രമിച്ചത്. കൂടത്തിൽ വീട്ടിൽ സംസ്കരിക്കാതിരുന്നത്.
10. ചില മൊഴികളിലുള്ള വൈരുദ്ധ്യം