തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി കാര്യങ്ങൾ നോക്കുന്ന കെ.എസ്.ഇ.ബിയുടെ വാഹനങ്ങളും വൈദ്യുതിയിലോടിക്കും! ഘട്ടംഘട്ടമായി കെ.എസ്.ഇ.ബിയുടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള ശ്രമങ്ങൾക്ക് ബോർഡ് തുടക്കം കുറിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സംസ്ഥാനത്ത് നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ അധികമില്ലാത്തതിനാൽ ദീർഘ ദൂരയാത്രയ്ക്ക് ഇവ തത്കാലം ഉപയോഗിക്കാനാവില്ല. അതിനാൽ, നഗര പ്രദേശങ്ങളിലെ കെ.എസ്.ഇ.ബി ഓഫീസുകളുടെ പതിനഞ്ച് മീറ്റർ ചുറ്റളവിൽ ഓടുന്ന വാഹനങ്ങളാകും ആദ്യഘട്ടത്തിൽ ഇലക്ട്രിക് ആക്കുക. നിലവിലെ പെട്രോൾ, ഡീസൽ വാഹനങ്ങളെല്ലാം ക്രമേണ മാറ്റും. പുതുതായി വാങ്ങുന്നവയെല്ലാം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇപ്പോൾ കരാറടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങളുടെ കരാർ കാലാവധി കഴിഞ്ഞശേഷം തുടർന്നുള്ളവയും ഇലക്ട്രിക് തന്നെയായിരിക്കും. കെ.എസ്.ഇ.ബിയ്ക്ക് നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ആറ് ഇലക്ട്രിക് വാഹനങ്ങളുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി ഗതാഗത നയം അനുസരിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ട നോഡൽ ഏജൻസി കെ.എസ്.ഇ.ബിയാണ്. അത്തരമൊരു സാഹചര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാകാനാണ് എല്ലാ വാഹനങ്ങളും ഇലക്‌ട്രിക് ആക്കാൻ തീരുമാനിച്ചതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള 'ഫ്ളാഷി'നോട് പറഞ്ഞു.
സാധാരണ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ധാരാളം സമയം ആവശ്യമാണ്. അടിയന്തര ഘട്ടത്തിൽ അത്തരമൊരു സാഹചര്യം പ്രയാസമുണ്ടാക്കും. അതിനാൽ, ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ചാർജിംഗ് ബാറ്ററിയും ഉപയോഗിച്ച് വാഹനങ്ങൾ നിരത്തിലിറക്കാനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. മൂന്നോ നാലോ വർഷത്തിനുള്ളിൽ കെ.എസ്.ഇ.ബിയുടെ എല്ലാ വാഹനങ്ങളും ഇലക്‌ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ റോഡരികിലെ കെ.എസ്.ഇ.ബിയുടെ സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
വൈദ്യുതി ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാൻ സംസ്ഥാന സർക്കാരും ലക്ഷ്യമിടുന്നുണ്ട്. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ ആദ്യഘട്ടത്തിൽ നിരത്തിലിറക്കാനുളള ഒരുക്കത്തിലാണ് സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിലടക്കം ഇളവുകളുണ്ടാകുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.