കല്ലമ്പലം: കേരളപ്പിറവി ദിനത്തിൽ മലയാള സമ്മേളനം സംഘടിപ്പിച്ച് ഗവ.എം.എൽ.പി.എസ് നാവായിക്കുളം. സ്വന്തം കൃതികൾ സ്കൂൾ ലൈബ്രറിക്ക് കൈമാറി എഴുത്തുകാരനും, പൂർവ വിദ്യാർഥിയും, അദ്ധ്യാപകനുമായ കല്ലമ്പലം ഉബൈദ് മലയാള സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനം ലഭ്യമാകാൻ പൊതുവിദ്യാലയങ്ങൾ ഏറ്റെടുത്തിട്ടുള്ള സ്വതന്ത്ര വായന പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാല സംഭാവന ചെയ്ത പുസ്തകങ്ങൾ ഗ്രന്ഥശാലാ സെക്രട്ടറി ഷാജഹാൻ പ്രഥമാദ്ധ്യാപിക ഗംഗ ടീച്ചറിന് കൈമാറി. കുട്ടികളും രക്ഷിതാക്കളും സമാഹരിച്ച പുസ്തകങ്ങൾ പുസ്തകത്താലത്തിൽ ശേഖരിച്ചു. ഒന്നാം ക്ലാസിന്റെ ഒന്നാംതരം വായനയ്ക്കും സമ്മേളനം വേദിയായി. സൽമാൻ, ആഷിക, അസ്മിയ എന്നിവർ വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു. സൽമ ഭാഷാ പ്രതിജ്ഞ ചൊല്ലി. മലയാള സമ്മേളനത്തോടനുബന്ധിച്ച് നടന്ന കേരളീയം പ്രദർശനം എസ്.എം.സി ചെയർമാൻ ഷൗക്കത്തലി അനാച്ഛാദനം ചെയ്തു. പ്രിയങ്ക, ജയകുമാർ, സന്ധ്യ എന്നിവർ സംസാരിച്ചു.