ചരിഞ്ഞ ഭൂമി ആയിരുന്നതിനാൽ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഓഫീസ് കെട്ടിടം ഗ്രൗണ്ട് നിരപ്പിൽ നിന്നു താഴേക്കായിരുന്നു.
താഴേക്കു മൂന്നു നിലകൾ കൂടി. അടഞ്ഞു കിടന്ന മുറികൾ തുറന്ന് ആ ഫ്ളോർ മുഴുവൻ പോലീസ് പരതി. ഒന്നും കിട്ടിയില്ല.
താഴേക്കു പോകുവാൻ ലിഫ്‌റ്റ് ഉണ്ട്. പവർ ഓഫു ചെയ്ത നിലയിലായിരുന്നു.
സി.ഐ അലിയാർ, ഒരു കോൺസ്റ്റബിളിനെ അയച്ച് വാച്ചറെക്കൊണ്ട് പവർ സിസ്റ്റം ഓണാക്കിച്ചു.
ശേഷം രണ്ട് ഘട്ടമായി പോലീസ് സംഘം താഴത്തെ നിലയിലേക്കു പോയി.
രണ്ട് പോലീസുകാരെ പ്രധാന വാതിൽക്കൽ കാവൽ നിർത്തുകയും ചെയ്തു.
താഴത്തെ നിലയിലും ഒന്നുമില്ലായിരുന്നു. അവിടെ ഡ്രസ്സിംഗ് റൂമുകളും വാഷിംഗ് ഫെസിലിറ്റീസും ഒക്കെയാണ്.
അലിയാരും സംഘവും അതിനു താഴത്തെ നിലയിലെത്തി.
വലിപ്പമേറിയ മുറികളായിരുന്നു അവിടെ.
പൂട്ടിക്കിടക്കുന്ന വാതിലുകൾ കട്ടർ ഉപയോഗിച്ച് അവയൊക്കെ മുറിച്ചു മാറ്റി.
ആദ്യത്തെ മുറി തള്ളിത്തുറന്ന് അകത്തേക്കു കയറിയ അലിയാരും സംഘവും അന്ധാളിച്ചു.
നിരത്തിയിട്ടിരിക്കുന്ന മേശകളിൽ അടുക്കിവച്ചിരിക്കുന്ന നോട്ടുകൾ...
പുത്തൻ കറൻസി നോട്ടുകൾ...!
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും.
''സാർ..."
ചില സിനിമകളിൽ മാത്രം ഇങ്ങനെ നോട്ടുകൾ കണ്ടിട്ടുള്ള എസ്.ഐ സുകേശ് അത്ഭുതസ്തബ്ധനായി അലിയാരെ നോക്കി.
''എന്താണ് സാർ നമ്മളീ കാണുന്നത്?"
അലിയാർ ചിരിച്ചു.
ഇതാണ് സുകേശേ ഈ രാജ്യത്തിന്റെ നട്ടെല്ലൊടിക്കുവാൻ എം.എൽ.എ ശ്രീനിവാസ കിടാവ് കരുതിവച്ചിരിക്കുന്ന വജ്രായുധം! ഇവിടത്തെ സമ്പദ് വ്യവസ്ഥ തകർത്ത് എല്ലാം തന്റെ കാൽക്കീഴിൽ വരുത്തുവാൻ കിടാവിന്റെ മാജിക്!"
മറുപടിയില്ലായിരുന്നു സുകേശിന്. തങ്ങളൊക്കെ കരുതുന്നതിനേക്കാൾ എത്രയോ ഭീകരനാണ് കിടാവെന്ന് അയാൾ ഓർത്തു.
ആ സംഘം അടുത്ത മുറിയിൽ പ്രവേശിച്ചു.
അവിടെയായിരുന്നു ചെറിയ ഓഫ്‌സെറ്റ് പ്രസ്സ്.
നോട്ടടിക്കാനുള്ള മഷികൾ...
കംപ്യൂട്ടറുകൾ അടക്കം എല്ലാം അവിടെയുണ്ടായിരുന്നു...
''ഇനി വച്ചു താമസിപ്പിക്കണോ. അയാളെ പൊക്കിയേക്കട്ടേ... കിടാവിനെ?
സുകേശിന്റെ ഞരമ്പുകളിൽ ചോര കുതിച്ചു പാഞ്ഞു.
''പാടില്ല. അതിനൊക്കെ ഒരുപാട് ഫോർമാലിറ്റികൾ ഉണ്ട്. ജനപ്രതിനിധി എന്ന മേലങ്കി ഉണ്ടായിപ്പോയില്ലേ. അയാൾക്ക്?"
അലിയാർ സെൽഫോൺ എടുത്തു. ആദ്യം എസ്.പി ഷാജഹാനെയും പിന്നീട് മീഡിയാക്കാരെയും വിളിച്ചു കാര്യം പറഞ്ഞു.
ഇരുപത്തിയഞ്ചു മിനിട്ടുകൾ കഴിഞ്ഞപ്പോൾ അമ്യൂസ്‌മെന്റ് പാർക്കിന്റെ മുറ്റത്തേക്ക് ഒരു ഡസനോളം വാഹനങ്ങൾ പാഞ്ഞുവന്നു.
ചാനലുകാരുടെ ഒ.ബി വാൻ അടക്കം.
ക്യാമറകൾ കൺതുറന്നു.
അലിയാർ എല്ലാ കാര്യങ്ങളും അവർക്കു കാണിച്ചുകൊടുത്തു.
ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസായി ലൈവ് ചിത്രങ്ങൾ വന്നു.
അതുകണ്ട് ജനം മൂക്കത്തു വിരൽ വച്ചു...
അമ്യൂസ്‌മെന്റ് പാർക്ക് പോലീസ് പൂട്ടി സീൽ ചെയ്തു. അവിടെ കനത്ത പോലീസ് വലയമൊരുക്കി.
തലസ്ഥാനത്ത് അടിയന്തര മന്ത്രിസഭായോഗം കൂടി.
യാതൊരു കാരണവശാലും കിടാവിനെ പിന്തുണയ്ക്കരുതെന്നത് ഏകകണ്ഠ തീരുമാനമായിരുന്നു.
അങ്ങനെ ചെയ്താൽ നേതാക്കന്മാരിൽ ഇത്തിരിയെങ്കിലും വിശ്വാസം ജനങ്ങൾക്കുണ്ടെങ്കിൽ അതും കൂടി നഷ്ടമാകും.
ശ്രീനിവാസ കിടാവിനെ അറസ്റ്റുചെയ്യുവാൻ മലപ്പുറം എസ്.പിക്ക് നിയമസഭാ സ്പീക്കർ നിർദ്ദേശം നൽകി.
എസ്.പിയുടെ നിർദ്ദേശാനുസരണം അലിയാരും സംഘവും കിടാവിന്റെ വീട്ടിലും ഫാം ഹൗസിലുമൊക്കെ തിരഞ്ഞു.
എന്നാൽ ഒരിടത്തും അയാളെ കണ്ടെത്തിയില്ല. അയാളെ മാത്രമല്ല അനുജൻ ശേഖര കിടാവിനെയും.
കിടാക്കന്മാർ ഒളിവിൽ പോയതാണെന്ന് പോലീസിന് ഉറപ്പായി. അവരുടെ സെൽഫോണുകളും സ്വിച്ചോഫ് ആയിരുന്നു.
രണ്ടുമൂന്നു ദിവസത്തേക്ക് പത്രം - ടിവി മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു കിടാക്കന്മാർ...
പോലീസ് കസ്റ്റഡി അവസാനിച്ചതോടെ പരുന്ത് റഷീദും സംഘവും വീണ്ടും ജയിലിലായി..
കിടാവിനെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടയിൽ നിലമ്പൂർ ആദിവാസി സമൂഹത്തിന്റെ പ്രബലനായ ഒരു നേതാവിനെ സി.ഐ അലിയാർ കണ്ടുമുട്ടി.
അയാളെ തന്റെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുവന്നു അലിയാർ.
പിന്നെ വടക്കേ കോവിലകത്തു നിന്നു കിട്ടിയ കമ്പിളി അയാൾക്കു മുന്നിൽ നിവർത്തി വച്ചു.
''ഈ കമ്പിളി സാധാരണ ആരാണുപയോഗിക്കുന്നതെന്നു പറയാമോ?"
അലിയാർ അയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
ആദിവാസി നേതാവിന് കൂടുതൽ ചിന്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല...
''ഇത് കഴിഞ്ഞ വർഷം സർക്കാർ ഞങ്ങളുടെ ആളുകൾക്കു വിതരണം ചെയ്തതാണ്."
അയാളുടെ മറുപടി കേട്ട് അലിയാരുടെ കണ്ണുകൾ തിളങ്ങി...!
(തുടരും)