maram

പാലോട്: തെങ്കാശിപ്പാതയിൽ പുത്തൻപാലം മുതൽ മടത്തറ വരെയും നന്ദിയോട് ചെറ്റച്ചൽ റോഡിലും പാലോട് പേരയം റോഡിലൂടെ ജനങ്ങൾ യാത്ര ചെയ്യുന്നത് ജീവൻ പണയം വച്ചാണ്. തലയ്ക്കുമീതെ അപകട ഭീഷണിയിൽ നിൽക്കുന്ന നിരവധി മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ജവഹർ നവോദയ വിദ്യാലയത്തിന് മുൻവശത്ത് മൂന്ന് മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ ഉണങ്ങി നിൽക്കുന്ന ആഞ്ഞിലി മരത്തിന്റെ കൊമ്പും അപകട ഭീഷണിയിലാണ്. ഇതിന് താഴെ നിൽക്കുന്ന 11 കെ.വി ലൈൻ കമ്പികൾ അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്.

കാലൻകാവ് ജംഗ്ഷന് സമീപം ഉണങ്ങിയ അക്കേഷ്യ മരമാണ് അപകടകരമായി നിൽക്കുന്നത്. കാലങ്കാവ് നാഗര റോഡിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. താന്നിമൂട് പേരയം റോഡിൽ ഏഴു കിലോമീറ്ററിനുള്ളിൽ പത്തിടങ്ങളിലാണ് ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിൽ മരങ്ങൾ നിൽക്കുന്നത്. നവോദയാ വിദ്യാലയത്തിനു മുൻവശത്ത് നിൽക്കുന്ന ആഞ്ഞിലിയുടെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഉണങ്ങി താഴെ വീണിരുന്നു. ബാക്കി വലിയ ഭാഗം ഇപ്പോഴും ഉണങ്ങി നിൽക്കുകയാണ്. എന്നിട്ടും ഉണങ്ങിയ മരച്ചില്ലകൾ മുറിച്ചുമാറ്റാൻ നടപടിയാകുന്നില്ലെന്നാണ് പരാതി. പ്രതി ദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ഭയപ്പെടുന്നത്. വനം വകുപ്പും പൊതുമരാമത്തും സംയുക്തമായിട്ടാണ് മരങ്ങൾ മുറിച്ചുമാറ്റേണ്ടത്. എന്നാൽ വേണ്ടപ്പെട്ട അധികൃതർ പ്രശ്നത്തോട് മുഖം തിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.