
ലക്നൗ:ഉത്തർപ്രദേശിലെ ജലൽപൂർ സ്വദേശി ചിന്താഹരൺ ചൗഹാനെ ആദ്യമായി കാണുന്നവർ അന്തംവിട്ടുപോകും. നവവധുവിനെപ്പോലെയുള്ള അയാളുടെ വസ്ത്രധാരണം തന്നെ കാരണം. സാരിയുടുത്ത് പൊട്ടുതൊട്ട് മുല്ലപ്പൂമാലയണിഞ്ഞുമാത്രമേ അയാൾ കഴിഞ്ഞ മുപ്പത് വർഷമായി പുറത്തിറങ്ങാറുള്ളൂ. ഇയാൾക്കെന്താ വട്ടാണോ എന്നേ ആദ്യം കാണുന്നവർ ചോദിക്കൂ. പക്ഷേ, യഥാർത്ഥ കാരണമറിയുമ്പോൾ ഞെട്ടിപ്പോകും. കുടുംബത്തിലുണ്ടായ തുടർ മരണങ്ങൾ അവസാനിപ്പിക്കാൻ രണ്ടാം ഭാര്യയുടെ പ്രേതം ആവശ്യപ്പെട്ടതിനെത്തുർടന്നായിരുന്നു വേഷം കെട്ടൽ.
പതിനാലാം വയസിലായിരുന്നു ചിന്താഹരണിന്റെ ആദ്യവിവാഹം. പക്ഷേ, കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ രോഗംവന്ന് മരിച്ചു. ഇരുപത്തൊന്നാംവയസിൽ ജോലതേടി അയാൾ ബംഗാളിലേക്ക് പോയി. അവിടെ ഒരു ഇഷ്ടികച്ചൂളയിൽ ജോലികിട്ടി. അവിടെവച്ച് ഒരു യുവതിയുമായി അടുപ്പത്തിലായി. ഒടുവിൽ വിവാഹവും കഴിച്ചു. പക്ഷേ, വിവാഹവാർത്ത വീട്ടുകാർ അറിഞ്ഞതോടെ പ്രശ്നമായി. വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഭാര്യയെ ഉപേക്ഷിച്ച് അയാൾ നാട്ടിലേക്ക് പോയി. ചിന്താഹരൺ ഉപേക്ഷിച്ചതിൽ മനംനൊന്ത് രണ്ടാംഭാര്യ ജീവനൊടുക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ അയാളെത്തേടിയെത്തിയത്.
ഇതിനിടെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയ ചിന്താഹരൺ മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ചു. അതോടെ കുടുംബത്തിൽ ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു. കുടുംബാംഗങ്ങൾ ഒാരോരുത്തരായി മരിക്കാൻ തുടങ്ങി.ആദ്യം അച്ഛൻ. പിന്നെ മൂത്ത സഹോദരനും അയാളുടെ ഭാര്യയും രണ്ടുമക്കളും.അങ്ങനെ കുടുംബത്തിലെ പതിനാലുപേരെയാണ് അടുപ്പിച്ചടുപ്പിച്ച് മരണം കവർന്നത്.
കുടുംബത്തിൽ മരണംനടക്കുന്ന ദിവസങ്ങളിലെല്ലാം രണ്ടാം ഭാര്യയെ ചിന്താഹരൺ സ്വപ്നം കാണാറുണ്ടായിരുന്നു. സ്വപ്നംകാണുമ്പോഴെല്ലാം കുറ്റപ്പെടുത്തുകയും ഉറക്കെ അലമുറയിടുകയും ചെയ്യുമായിരുന്ന രണ്ടാം ഭാര്യ ക്രമേണ അയാളുടെ ഉറക്കം നഷ്ടപ്പെടുത്തി. അതോടെ രണ്ടാംഭാര്യയുടെ പ്രേതം തന്റെ കുടുംബത്തെ മൊത്തത്തിൽ ഇല്ലാതാക്കുമെന്ന് ചിന്താഹരൺ ഉറപ്പിച്ചു. തന്നെയും കുടുംബത്തെയും വെറുതേവിടണമെന്ന് അയാൾ അപേക്ഷിച്ചു. എന്നും ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നടന്നാൽ പ്രശ്നങ്ങൾ എല്ലാം പമ്പകടക്കും എന്നായിരുന്നു രണ്ടാംഭാര്യയുടെ ഉപദേശം. അങ്ങനെ ചെയ്തുതുടങ്ങിയതോടെ മരണങ്ങളുടെ തുടർച്ച അവസാനിച്ചു. മൂന്നാം ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അയാൾ സന്തോഷത്തോട ജീവിക്കുന്നു.
ഇപ്പോൾ വയസ് അറുപത്താറുവയസായി. ശേഷിക്കുന്ന കാലംമുഴുവൻ വധുവിന്റെ വേഷത്തിൽ ജീവിക്കാനാണ് അയാളുടെ തീരുമാനം.