തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്ര് ചെയ്ത സി.പി.എം അംഗവും വിദ്യാർത്ഥിയുമായ അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്ന് ലഘുലേഖയോ പുസ്‌തകങ്ങളോ പൊലീസ് പിടിച്ചെടുത്തിട്ടില്ലെന്ന് അലന്റെ വല്യമ്മ സജിതാ മഠത്തിൽ പറഞ്ഞു. അലൻ ഷുഹൈബിന്റെ അമ്മ സബിതാ മഠത്തിലിന്റെ സഹോദരിയാണ് ചലച്ചിത്രതാരവും നാടകപ്രവർത്തകയുമായ സജിതാമഠത്തിൽ. ഫോണും സിംകാർഡും അല്ലാതെ മറ്റൊന്നും ഞങ്ങളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പൊലീസ് ഒപ്പിട്ട് തന്ന രേഖ തങ്ങളുടെ കൈവശമുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകളോടോ പ്രതികരണങ്ങളോടോ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. എങ്ങനെയാണ് അത്തരമൊരു പ്രചാരണം ഉണ്ടായതെന്ന് അറിയില്ല. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന് ആരോപിച്ചാണ് അലനെയും താഹയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇത്തരം ചില ലഘുലേഖകൾ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, വീട്ടിൽ നിന്ന് അത്തരം രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സജിതാമഠത്തിൽ.
സജിതാ മഠത്തിൽ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
ഭാവി നടപടികൾ വിധി വന്ന ശേഷം
ഞങ്ങൾക്ക് വേണ്ടി കേസ് വാദിക്കുന്നതിന് ഒരു വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹിയറിംഗ് നടക്കുന്നുണ്ട്. ജാമ്യാപേക്ഷ സ്വീകരിക്കുമോ ഇല്ലയോ എന്ന് അപ്പോഴേ അറിയാൻ കഴിയൂ. കോടതിയുടെ തീരുമാനം വരട്ടെ. അതിനുശേഷം ഭാവി നടപടികൾ ആലോചിക്കാമെന്നാണ് ഞങ്ങൾ കരുതുന്നത്.
സമൂഹജീവിയായി വളരാൻ പഠിപ്പിച്ചു
രണ്ട് ആൻഡ്രോയ്ഡ് ഫോൺ വാങ്ങി കൊടുത്ത് സമൂഹത്തിന് മുന്നിൽ അവനെ (അലനെ) വിട്ട് ഞങ്ങൾക്ക് പഠിപ്പിക്കാമായിരുന്നു. പക്ഷേ, ഞങ്ങൾ അവനെ രാഷ്‌ട്രീയം പഠിപ്പിച്ചു. രാഷ്‌ട്രീയം പഠിപ്പിച്ച് അവനെ വളർത്താമെന്നായിരുന്നു ഞങ്ങളുടെ തെറ്റിദ്ധാരണ. ഞങ്ങളുടെ തീരുമാനം തെറ്റായി പോയതു പോലെ തോന്നുന്നു. പഠിച്ചതല്ലേ ചെയ്യാൻ പറ്റൂ. സമൂഹ ജീവിയായി വളരാനാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. അതു പോലെയാണ് ഞങ്ങൾ വളർന്നതും അവനെ വളർത്തിയതും.
ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ നല്ല വായനാശീലമുളള വാവയാണ് എന്റെ അലൻ. ബാല സാഹിത്യമെല്ലാം അവൻ വായിക്കുമായിരുന്നു. ഞങ്ങൾക്കെല്ലാം രാഷ്‌ട്രീയ പശ്ചാത്തലമുള്ളതുകൊണ്ട് അവൻ ഞങ്ങൾക്കൊപ്പം അത്തരത്തിലുള്ള പരിപാടികളിലെല്ലാം വരുമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാം മുൻപന്തിയിലുണ്ടായിരുന്ന നല്ലൊരു മകനാണ് അവൻ.
പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അവൻ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തതാണ്. ചോദ്യങ്ങൾ ചോദിക്കാനും കാര്യങ്ങൾ അറിയാനും ജിജ്ഞാസ ഉണ്ടായിരുന്ന ഒരാളായിരുന്നു അവൻ. പരിചയപ്പെട്ട എല്ലാവർക്കും അവനോട് ഇഷ്‌ടം തോന്നും. അതുതന്നെയാണ് അവന് അപകടമായത് എന്ന് തോന്നുന്നു. ഇരുപത് വയസല്ലേ ആയിട്ടുള്ളൂ. അവിടെയും ഇവിടെയും സംഭവിച്ചതെല്ലാം അറിയാനായി ഒരു താത്പര്യം അവന് ഉണ്ട്. റാങ്ക് കിട്ടിയാണ് അവൻ കണ്ണൂർ ലോ കോളേജിൽ പഠിക്കാൻ പോയത്. ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്ന മോനാണ്. ജീവിതകാലം മുഴുവൻ നമുക്കൊപ്പം നിൽക്കുമെന്ന് കരുതുന്ന ഒരാളാണ്. കോഴിക്കോട്ട് ആരോട് വേണമെങ്കിലും അലനെപ്പറ്റി ചോദിച്ച് നോക്കൂ. അവർ അവനെപ്പറ്റി നല്ലതേ പറയൂ.
ജയിലിൽ കണ്ടപ്പോൾ
ജയിലിൽ കാണാൻ പോയപ്പോൾ അവനാണ് ഞങ്ങളെ ആശ്വസിപ്പിച്ചത്. യുഎപിഎ ആക്‌ടിനെപ്പറ്റി അവൻ സംസാരിച്ചു. ആക്‌ടിനെപ്പറ്റി പരാമർശിക്കുന്ന പുസ്‌തകങ്ങളെക്കുറിച്ച് അവൻ പറഞ്ഞു. അതവന് വായിക്കണമെന്ന് പറഞ്ഞു. ഈ വിഷയത്തെ അത്തരത്തിൽ കാണാനാണ് അവൻ താത്പര്യപ്പെടുന്നത്. അവന്റെ സെമസ്റ്റർ പരീക്ഷ അടുക്കാറായി. പഠിക്കാനായുള്ള പുസ്‌തകങ്ങൾ വാങ്ങിവച്ച സ്ഥലം പറഞ്ഞുതന്നു. അത് പഠിക്കാനായി കൊണ്ടുനൽകണമെന്ന് പറഞ്ഞു. ആ സാഹചര്യത്തിൽ വേറൊന്നും അവനോട് സംസാരിക്കാനുള്ള ഇടം ഞങ്ങൾക്ക് കിട്ടിയില്ല. ഞങ്ങളെല്ലാവരും മോന്റെ കൂടെയുണ്ട്, തെറ്റൊന്നും മോൻ ചെയ്‌തിട്ടില്ലെന്ന് വിശ്വസിക്കുന്നു- അങ്ങനെ തന്നെയല്ലേ എന്ന് ഞാൻ അവനോട് ചോദിച്ചു. ആണെന്ന് അവൻ ഉത്തരം പറഞ്ഞു.
സൈബർ ആക്രമണം
അലനെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റിനുശേഷം ധാരാളം സൈബർ ആക്രമണമാണ് എനിക്കെതിരെ ഉണ്ടാകുന്നത്. അത്തരം ആക്രമണങ്ങൾ സ്വാഭാവികമാണ്. അതിനെതിരെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. എല്ലാം പരമാവധി അനുഭവിക്കുകയാണ്. ഞാൻ മുമ്പുതൊട്ടേ സ്വീകരിക്കുന്ന നിലപാടുണ്ട്. ആ നിലപാടിനോട് അനിഷ്‌ടമുള്ളവരാണ് ഇപ്പോൾ നടക്കുന്ന ആക്രമണത്തിന് പിന്നിൽ. അവർ പറഞ്ഞോട്ടെ, കുഴപ്പമില്ല.
പ്രതീക്ഷ സർക്കാരിൽ മാത്രം
ഞങ്ങൾക്ക് ഈ സർക്കാരിൽ മാത്രമാണ് ആകെ പ്രതീക്ഷയുള്ളത്. ഞങ്ങളുടെ കുട്ടി മാത്രമല്ല, വേറൊരു കുട്ടിയും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. യുഎപിഎ ചുമത്തിയത് കാരണം ജീവിതം നഷ്‌ടപ്പെട്ട ഒരു പാടുപേർ ഈ കേരളത്തിലുണ്ട്. അവർക്കെല്ലാം നീതി കിട്ടാനുള്ള സന്ദർഭമായി ഇത് മാറട്ടെയെന്നാണ് ആശിക്കുന്നത്.
തെരഞ്ഞുപിടിച്ച് വേട്ടയാടി
ഒന്നിനെപ്പറ്റിയും ചിന്തിക്കാൻ കഴിയുന്നില്ല. ചിന്തിക്കുമ്പോൾ തോന്നുന്നത് ഊർജ്ജസ്വലരായ കുട്ടികളെ തേടിപിടിച്ച് തീവ്രവാദ മുദ്ര കുത്തിയെന്നാണ്. പുരോഗമന ആശയങ്ങളുള്ള കുട്ടികളെ തകർക്കാനുളള ശ്രമമായാണ് എനിക്ക് തോന്നുന്നത്. അനുഭവം വച്ച് പറയുന്നതാണ്. അലനെ മാറ്റി നിറുത്തിയാൽ താഹയുടേത് വളരെ കഷ്‌ടപ്പാട് നിറഞ്ഞ ജീവിതമാണ്. ജോലിയെടുത്താണ് താഹ പഠിക്കുന്നത്.