കല്ലറ: ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.എമ്മിന് നഷ്ടമായി. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അംബേദ്കർ കോളനി വാർഡിൽ നിന്നുള്ള ലളിതകുമാരിയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
വെൽഫെയർ പാർട്ടിയുടേതടക്കം ഏഴ് വോട്ട് ലളിതകുമാരിക്ക് ലഭിച്ചപ്പോൾ സി.പി.എമ്മിലെ സുഭാഷ് ചന്ദ്രന് അഞ്ച് വോട്ട്. ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐ വോട്ടുകൾ അസാധുവാക്കി. 19 അംഗ ഭരണ സമിതിയിൽ കോൺഗ്രസ്- ആറ്, എൽ.ഡി.എഫ്- അഞ്ച്, ബി.ജെ.പി- നാല്, എസ്.ഡി.പി.ഐ- മൂന്ന്, വെൽഫെയർ പാർട്ടി - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
നേരത്തേ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ചിത്രകുമാരിക്ക് വെൽഫെയർ പാർട്ടി പിന്തുണയോടെ ഏഴും കോൺഗ്രസിലെ എസ്. ഗീതയ്ക്ക് എസ്.ഡി.പി.ഐയിലെ രണ്ടു പേരുടെ പിന്തുണയോടെ ഏഴും വോട്ടുകളാണ് ലഭിച്ചത്. എസ്.ഡി.പി.ഐയിലെ ഒരാൾ വോട്ട് അസാധുവാക്കിയപ്പോൾ ബി.ജെ.പി വിട്ടു നിന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ കോൺഗ്രസിന് നഷ്ടമായതോടെയാണ് അന്ന് സി.പി.എമ്മിലെ സുഭാഷ് തിരഞ്ഞെടുക്കപ്പെട്ടത്. അടപ്പുപാറ വാർഡിൽ സി.പി.എമ്മിൽ നിന്ന് വിജയിച്ച ചിത്രകുമാരിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നു. ഇതിനിടയിൽ എസ്.ഡി.പി.ഐ, സി.പി.എമ്മിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് പക്ഷ നിലപാടിലേക്ക് മാറി. ഇതോടെയാണ് വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.