തിരുവനന്തപുരം: വെറ്റിലയിൽ ദക്ഷിണവച്ച് വെറ്റിലക്കൃഷിയിൽ ഹരിശ്രീ കുറിക്കുന്ന കർഷകനെ വെറ്റില കടാക്ഷിക്കുന്നില്ല. കനിഞ്ഞില്ലെന്നുമാത്രമല്ല തീരാക്കടത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. ഫലമോ ജില്ലയിലെ വെറ്റിലക്കൊടികൾ പതിയെ അപ്രത്യക്ഷമാകാനും കർഷകർ കൃഷിയിൽ നിന്നകലാനും തുടങ്ങി. ഇന്ന് വെറ്റിലമുറുക്കി നീട്ടിത്തുപ്പുമ്പോൾ കർഷകന്റെ രക്തമാണ് പടരുന്നത്. നെൽക്കൃഷിപോലെ അത്യദ്ധ്വാനം വേണ്ടതാണ് വെറ്റിലക്കൃഷി.കൊടിനാട്ടുന്നത് മുതൽ ആരംഭിക്കുന്ന പെടാപ്പാടിന് വിപണിയിലെത്തുമ്പോൾ പുല്ലുവിലയാണ് ലഭിക്കുക. ഇടനിലക്കാർ കൂടിയാകുമ്പോൾ കർഷകന് നഷ്ടം മാത്രം ബാക്കി.

ജില്ലയിൽ ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകളിലാണ് വെറ്റിലക്കൃഷി കൂടുതലായുള്ളത്. കിളിമാനൂർ, വെഞ്ഞാറമൂട്, വാമനപുരം, കല്ലറ, നെടുമങ്ങാട് എന്നീ ചന്തകളിലാണ് കർഷകർ വെറ്റില വില്ക്കാനെത്തുന്നത്. ഈ ചന്തകളിൽനിന്നുള്ള വെറ്റിലയിലേറെയും ചാലയിലേക്കും തമിഴ്നാട്ടിലേക്കുമാണ് കൊണ്ടുപോകുന്നത്.കനത്തമഴ വെറ്റിലക്കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. വെറ്റിലവിപണിയിലെ വില സ്ഥിരതയില്ലായ്മയും രോഗങ്ങളുമാണ് കർഷകരെ ഏറെ അലട്ടുന്ന പ്രശ്നം. ഇടവം, തുലാം മാസങ്ങളിലാണ്‌ കൃഷി ആരംഭിക്കുന്നത്‌. മൂന്നു മാസത്തിനു ശേഷമേ വെറ്റില പൂർണ രീതിയിൽ പാകമായി കൊടിയിൽ നിന്നു വേർപെടുത്തി സമീപ ചന്തകളിലും വിപണികളിലും എത്തിക്കാനാവൂ. എന്നാൽ അദ്ധ്വാനത്തിനനുസരിച്ച്‌ ഇപ്പോൾ പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. എന്നാൽ ചെലവിനും കഷ്ടപ്പാടിനും മാത്രം ഒരു കുറവുമില്ല. കൊടി നടുന്നതു മുതൽ വെറ്റില നുള്ളി മാർക്കറ്റിലെത്തിക്കുന്നതുവരെയുള്ള ചെലവുകൾ വളരെ വലുതാണ്.

എന്നാൽ ചെലവനുസരിച്ച് വരവില്ലെന്നാണ് കർഷകർ പറയുന്നത്.


വെറ്റിലക്കൊടിയെ ഒരു ഏണിപ്പാട് (ഒരു മുളയുടെ ഏണിയുടെ നീളം - അതായത് ഏകദേശം ആറേഴു മീറ്റർ) മാത്രമേ പടരാനനുവദിക്കൂ. ഇളംകൊടിയിലെയോ മുതുകൊടിയിലെയോ താഴേക്കു തൂങ്ങിനിൽക്കുന്ന ആരോഗ്യമുള്ള തണ്ടുകൾ മുകളിൽവെച്ചു മുറിച്ചെടുത്ത് വെറ്റിലകൾ നുള്ളിക്കളഞ്ഞ്‌ 5 മുട്ടുകൾ വീതമുള്ള കഷണങ്ങളാക്കി അതിന്റെ 3 മുട്ടുകൾ മണ്ണിനടിയിലും 2 മുട്ടുകൾ മണ്ണിനു പുറത്തുമായിട്ടാണ് നടുന്നത്. തടത്തിൽ എപ്പോഴും ഈർപ്പം നിലനിറുത്താൻ മൂന്നുനേരം നനയ്ക്കണം. പത്തുപതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തളിർ വരാൻ തുടങ്ങും. ഒരു മാസം കഴിയുമ്പോൾ ഈറ കുത്തണം. പിന്നീട് തല പിടിച്ചു കെട്ടണം.ഒപ്പം മൂട്ടിൽ പച്ചിലയും വയ്ക്കണം. കിളിർക്കുന്നതിനനുസരിച്ച് ആഴ്ചയിലൊരിക്കൽ തല കെട്ടണം. മുളകൊണ്ടു കുരുപ്പുകാൽ കെട്ടി അതിൽ ഉറപ്പിക്കുന്ന രീതിയാണിത്. ഇല്ലെങ്കിൽ ചെറു കാറ്റിൽപ്പോലും ചാഞ്ഞുവീഴും. ആറു മാസം കഴിഞ്ഞാൽ കൊടി ഇറക്കിക്കെട്ടാണ്.


വിപണിവില

ഒരുകെട്ട് (100 എണ്ണം)​: 50 - 60

താണവില: 10 - 15

വിളവെടുപ്പ്: 3മാസം കഴിയുമ്പോൾ

മുൻപ് വിളവെടുപ്പ് : 15 വർഷം വരെ

ഇന്ന് : 6വർഷം

ചെലവ്:

500 മൂട് വള്ളികളുള്ള കൊടിക്ക് ചെലവ്: 30,000 രൂപ

1000 മൂട് വള്ളികളുള്ള കൊടി:1ലക്ഷം

വെറ്റിലവിളവെടുപ്പ് കൂലി:1000 രൂപ

 വെറ്റില കർഷകർ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം രോഗങ്ങളാണ്.രോഗം വരുന്ന കൊടികളിൽ നിന്ന് അതിന് സമീപത്തുള്ള കൊടികളിലേക്ക് കൂടി രോഗം പടരുന്നതിനാൽ ഒരു മേഖലയിലെ മുഴുവൻ വെറ്റക്കൊടികളേയും രോഗം ബാധിക്കാം.അത് കൃഷി അപ്പാടെ നശിപ്പിക്കും.

വിനോദ് കുളപ്പട,സമ്മിശ്ര കർഷകൻ,നെടുമങ്ങാട്

ഇനങ്ങൾ: തുളസി, വെണ്മണി, അരിക്കൊടി, കൽക്കൊടി, കരിലാഞ്ചി, കർപ്പൂരം, ചീലാന്തി കർപ്പൂരം, കുറ്റക്കൊടിനന്തൻ, പെരുംകൊടി, അമരവിളപ്രമുട്ടൻ

തിരൂർ ആണ് കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനം. അതുപോലെ ആലപ്പുഴ ജില്ലയിലെ വെണ്മണി എന്ന സ്ഥലത്തും വെറ്റിലക്കൃഷിയുണ്ട്. തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്. തിരൂർ വെറ്റിലയുടെ എരിവാണ് അതിന്റെ പ്രത്യേകത.