കേരള മുഖ്യമന്ത്രി, ഡെപ്യൂട്ടി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്വാതന്ത്ര്യ സമരസേനാനി, കെ.പി.സി.സി പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് സ്ഥാപകൻ, പ്രഗൽഭനായ അദ്ധ്യാപകൻ. ആർ. ശങ്കറിന്റെ വ്യക്തിത്വം സമാനതകളില്ലാത്തതായിരുന്നു. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുഖ്യമന്ത്രിവരെയായ അസാധാരണ വ്യക്തിത്വം. നാലുവർഷത്തോളം ശിവഗിരി ശ്രീനാരായണ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി. കുമാരനാശാനെ ആദ്യമായും അവസാനമായും ആർ. ശങ്കർ കാണുന്നത് കൊല്ലത്തുള്ള കേരളകൗമുദി ഒാഫീസിൽവച്ചായിരുന്നു. ആശാന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിതാഭാഗം ഏതെന്ന് ചോദിച്ചപ്പോൾ, ലീലയിലെ വരികളാണ് ആശാൻ ചൊല്ലിയത്.
1933 ൽ നിയമപഠനത്തിനായി തിരുവനന്തപുരം ഗവ. ലാ കോളേജിൽ ചേർന്നു. കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി. അച്ചുതമേനോൻ അന്ന് ലാ കോളേജിൽ പഠിക്കുന്നുണ്ടായിരുന്നു. ശങ്കറിന്റെ ശ്രദ്ധ മുഴുവൻ പഠനത്തിലായിരുന്നു.
1938 ൽ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചപ്പോൾ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. അന്ന് പ്രായം 29 വയസ്. പട്ടംതാണുപിള്ള, മന്നത്ത് പത്മനാഭൻ, സി.വി. കുഞ്ഞിരാമൻ, സി. കേശവൻ തുടങ്ങിയ മഹാരഥന്മാരുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരൻ ശങ്കറായിരുന്നു. 1938 സെപ്തംബർ ഏഴാം തീയതി ചവറ ശങ്കര മംഗലത്തുവച്ച് കുമ്പളത്തോടൊപ്പം സി. കേശവൻ അറസ്റ്റ് ചെയ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഒാച്ചിറയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ട് നിൽക്കുമ്പോൾ ശങ്കറിനെയും അറസ്റ്റ് ചെയ്തു. അന്നുരാത്രി 12 മണിക്ക് കൊല്ലം കസബ പൊലീസ് സ്റ്റേഷനിൽ കൂടിയ കോടതി 18 മാസത്തെ തടവിനും 1500 രൂപ പിഴയും വിധിച്ചു. ശങ്കറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിലിലെ 24-ാം നമ്പർ കുടുസുമുറിയിൽ സഹതടവുകാരനായിട്ട് ഉണ്ടായിരുന്നത് കേരളകൗമുദി പത്രാധിപരായിരുന്ന കെ. സുകുമാരനായിരുന്നു. 1944 ൽ ശങ്കർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമ്പോൾ 35 വയസായിരുന്നു.
1947 ൽ ജൂലായിൽ ആദ്യത്തെ ദേവസ്വം ബോർഡ് രൂപീകരിച്ചു. മന്നത്ത് പത്മനാഭൻ,ഹിന്ദു മന്ത്രിമാരുടെയും ആർ.ശങ്കർ ഹിന്ദു നിയമസഭാ അംഗങ്ങളുടെയും ശങ്കരനാരായണ അയ്യർ, മഹാരാജാവിന്റെയും പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു. മന്നമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. 1948 ജൂണിൽ പട്ടംതാണുപിള്ള കൊല്ലം എസ്.എൻ കോളേജ് ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത വർഷം ഡിഗ്രി കോഴ്സുകളും ആരംഭിച്ചു. 1944 മുതൽ 54 വരെ ശങ്കർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നു. 1952 ലാണ് എസ്.എൻ ട്രസ്റ്റ് സ്ഥാപിച്ചത്. 1960 മുതൽ 1964 വരെ കേരള ഭരണം ഏറ്റെടുക്കേണ്ടി വന്നപ്പോൾ മാത്രമാണ് ഇൗ സ്ഥാനം ഒഴിഞ്ഞത്. 1965 മുതൽ വീണ്ടും ട്രസ്റ്റ് സെക്രട്ടറിയായി.