mobile

മാഡ്രിഡ് : മൊബൈലിൽ സംസാരിച്ചു തുടങ്ങിയാൽ മിക്കവരും പരിസരം മറക്കും. നിരവധി അപകടങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്. ഇത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പ്ളാറ്റ്‌ഫോം തീർന്നതറിയാതെ മൊബൈൽ സംഭാഷണത്തിൽ മുഴുകിനടക്കുന്ന യുവതി ട്രെയിനിനു മുന്നിലേക്കു വീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

സ്പെയിനിൽ മാഡ്രിഡിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യുവതി പ്ളാറ്റ്‌ഫോമിലെ തിരക്കിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുനടക്കുന്നതിന്റെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. അല്പം കഴിഞ്ഞതോടെ യുവതി പരിസരം മറന്നു. ഇതിനിടെ പ്ളാറ്റ്‌ഫോമിന്റെ അരികിലെത്തി. ദൂരെനിന്ന് ട്രെയിൻ വരുന്നത് ദൃശ്യങ്ങളിൽ കാണാം. പക്ഷേ, യുവതി ഇതാന്നും അറിഞ്ഞതേയില്ല. പ്ലാറ്റ്‌ഫോം തീർന്നതറിയാതെ യുവതി വീണ്ടും മുന്നോട്ടു നടക്കുകയാണ്.

അടുത്ത നിമിഷം അവർ റെയിൽവേ പാളത്തിലേക്ക് വീണു. ഇതിനിടെ ട്രെയിനും അടുത്തെത്തി. യുവതി വീഴുന്നതു കണ്ട് ആൾക്കാർ ഓടിയെത്തുന്നതോടെ വീഡിയോ അവസാനിക്കും. യുവതിയെ ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ രക്ഷയ്ക്ക് പ്ലാറ്റ്‌ഫോമിൽ എത്തുമ്പോൾ മൊബൈലിൽ നിന്ന് കണ്ണെടുത്ത് ചുറ്റും നോക്കി നടക്കുക എന്ന അടിക്കുറിപ്പിലാണ് ചിത്രം പ്രചരിക്കുന്നത്.