niyamasabha

കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് അടിയന്തരപ്രമേയമാക്കിയ പ്രതിപക്ഷത്തോട്, 'ഞങ്ങളുടെ പൊലീസ്, ഞങ്ങളുടെ കുട്ടികളെ, യു.എ.പി.എ ചുമത്തി തല്ലിയാൽ, നിങ്ങൾക്കെന്തേ കോൺഗ്രസേ' എന്നൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചില്ല. പക്ഷേ ഏതാണ്ട് അമ്മട്ടിലാണോ മുഖ്യമന്ത്രിയുടെ സഞ്ചാരമെന്ന് പ്രതിപക്ഷം സംശയിച്ചാൽ അവരെ കുറ്റം പറയാനുമാവില്ല.

'യു.എ.പി.എ നിയമം കൊണ്ടുവന്നത് നിങ്ങൾ, കൂടുതൽ കർക്കശമാക്കിയത് നിങ്ങൾ, ബി.ജെ.പി സർക്കാർ കരിനിയമത്തിനായി ഭേദഗതി കൊണ്ടുവന്നപ്പോൾ ഒപ്പം നിന്നത് നിങ്ങളുടെ എം.പിമാർ... ' എന്നിങ്ങനെ ചരിത്രം ചികഞ്ഞ് പ്രതിപക്ഷത്തെ കുത്തിനോവിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ബി.ജെ.പി സർക്കാരിന്റെ ഭേദഗതിയെ ശക്തമായി എതിർത്തത് കോൺഗ്രസിന്റെ പി. ചിദംബരവും എതിർത്ത് വോട്ട് ചെയ്തത് രണ്ട് മുസ്ലിംലീഗ് എം.പിമാരുമാണെന്നും പറഞ്ഞ്, മുഖ്യമന്ത്രി നിർദ്ധാരണം ചെയ്തെടുത്ത ചരിത്രത്തിൽ പ്രതിപക്ഷ നേതാവ് ഭേദഗതികളും നിർദ്ദേശിച്ചു.

കോഴിക്കോട്ടെ യു.എ.പി.എ കേസിൽ പരിശോധനയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. യു.എ.പി.എ നിയമത്തെ ദുരുപയോഗം ചെയ്യാനനുവദിക്കുകയില്ലെന്ന മറ്രൊരുറപ്പും അദ്ദേഹം നൽകുകയുണ്ടായി.

പ്രസ്താവന കൈയിൽ വച്ചാലുടൻ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യാമോയെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിഷ്കളങ്കമായ ചോദ്യം. തിരുവഞ്ചൂർ പിന്നീട് കടന്നത് മാവോയിസ്റ്റ് വേട്ടയിലെ സി.പി.ഐയുടെ 'ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടി'ലേക്കാണ്.

മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട എന്ന മുന്നറിയിപ്പ് തിരുവഞ്ചൂരിലൂടെ മുഖ്യമന്ത്രി നൽകിയത് പ്രതിപക്ഷത്തിനോ അതോ സി.പി.ഐക്കോ എന്ന് ചോദിച്ചാൽ ആർക്കുമാകാമെന്ന് ആവശ്യമുള്ളവർക്ക് വ്യാഖ്യാനിക്കാവുന്നതാണ്. മാവോയിസ്റ്റ് ആക്രമണത്തിൽ പൊലീസിന് പരിക്കേൽക്കാത്തതിലാണ് പ്രതിപക്ഷത്തിന്റെ ഖേദമെന്ന് മുഖ്യമന്ത്രി ഇന്നലെയും പറഞ്ഞു. ഇസ്രത്ത് ജഹാൻ കേസിൽ മോദി പറഞ്ഞതും ഇതുതന്നെയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞത് അപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർഭോചിതമായി ഓർത്തെടുത്ത് കുത്തിയത് സ്വാഭാവികം. സി.പി.എം അംഗങ്ങൾ ഇടയ്ക്കിടെ പ്രതിപക്ഷത്തോട് കയർക്കാനൊരുങ്ങിയെങ്കിലും സി.പി.ഐ നിരകൾ അർത്ഥഗർഭമായ മൗനത്തിലായിരുന്നു. യു.എ.പി.എ നിയമത്തെ ദുരുപയോഗം ചെയ്തെങ്കിൽ അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് ആരാഞ്ഞു. അത് വഴിയേ പറയാം എന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും യു.എ.പി.എയെ ദുരുപയോഗം ചെയ്യാനനുവദിക്കില്ലെന്ന് വരെ മാത്രം പറഞ്ഞുനിറുത്തിയതേയുള്ളൂ.

കോഴിക്കോട്ട് അറസ്റ്റിലായ അലൻ ഷുഹൈബിന്റെ മുറിയിലെ അലമാരയിലൊട്ടിച്ച സ്റ്റിക്കർ എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നാണെന്ന് എം.കെ. മുനീർ കണ്ടിട്ടുണ്ട്. ഇപ്പോളദ്ദേഹം കാണുന്നത് അലൻ ഷുഹൈബിനെ തന്നെ ശരിയാക്കുന്നതാണ്!

സർവകലാശാലകളിലെ രജിസ്ട്രാർമാരുടെയും പരീക്ഷാ കൺട്രോളർമാരുടെയും കാലാവധി നാല് വർഷമാക്കി നിജപ്പെടുത്തുന്ന ഭേദഗതിബില്ലുകളിന്മേൽ ചർച്ച തുടങ്ങിവച്ച ഷാനിമോൾ ഉസ്മാന്റേത് കന്നിപ്രസംഗമായിരുന്നു. സഹകരണസംഘങ്ങളെ പിടിച്ചെടുക്കുമ്പോലെ സർവകലാശാലകളെ പിടിച്ചെടുക്കാനുള്ള നീക്കമായി അവർ ബില്ലിനെ വ്യാഖ്യാനിച്ചു. വൈസ് ചാൻസലർ പദവിയെ ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിംഗ്ഫോറമാക്കിയത് യു.ഡി.എഫാണെന്ന് ചില മുൻ വി.സിമാർ ബി.ജെ.പിയിലേക്ക് പോയതിനെപ്പറ്റി എ.എൻ. ഷംസീർ പറഞ്ഞു. മാർക്ക് ആന്റണിയെ കഥാപാത്രമാക്കിയ ഷേക്സ്പിയർ ജീവിച്ചിരുന്നെങ്കിൽ മാർക്ക് ജലീലെന്ന കഥാപാത്രത്തെ സൃഷ്ടിച്ച് നാടകമെഴുതിയേനെയെന്നാണ് വി.പി. സജീന്ദ്രന്റെ ഭാവന അതിരുകടന്നത്.