sabarimala-women-entry
sabarimala women entry

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ ഏതെങ്കിലും വിഭാഗം അക്രമത്തിന് മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും തീർത്ഥാടന കാലത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മൗലികാവകാശങ്ങൾ ലംഘിച്ച് നിയമ നിർമ്മാണം സാദ്ധ്യമല്ല. ഇക്കാര്യം കേന്ദ്ര നിയമമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ നിയമ നിർമ്മാണം നടത്തിയതിന്റെ മാതൃകയിൽ കേരളത്തിലും നിയമ നിർമ്മാണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ജെല്ലിക്കെട്ടും കാളപ്പൂട്ടും പോലെയല്ല ശബരിമല വിധി. ഇനിയൊരു നിയമനിർമാണം സാദ്ധ്യമല്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഈ വസ്തുത മറച്ചുവച്ച് ഒരുവിഭാഗം ഭക്തരെ കബളിപ്പിക്കുകയാണ്.

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സർക്കാരല്ല കേരളത്തിലേത്. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിന്. ശബരിമലയിൽ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. സർക്കാർ ഇടപെട്ട് ഒരു സ്ത്രീയെയും ശബരിമലയിൽ കയറ്റിയിട്ടില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്നാണ് മുൻ ചീഫ് ജസ്റ്റിസും കേരള ഗവർണറുമായിരുന്ന പി. സദാശിവം പറഞ്ഞത്. സർക്കാരിന്റെ നടപടികളെ അദ്ദേഹം പിന്തുണച്ചിരുന്നു.

ആദ്യം സ്വാഗതം ചെയ്തവർ

പിന്നെ മുതലെടുത്തു

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും വേണമെങ്കിൽ കേന്ദ്രസേനയെ അയയ്ക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. കേന്ദ്രം അത്തരമൊരു നിലപാട് സ്വീകരിച്ചപ്പോഴാണ് അവരെ നയിക്കുന്ന പാർട്ടിയും മറ്റ് ചിലരും ചേർന്ന് ശബരിമലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ആദ്യം വിധിയെ സ്വാഗതം ചെയ്തവർ പിന്നീട് രാഷ്ട്രീയ മുതലെടുപ്പിനായി സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് മുഖ്യമന്ത്രി മറുപടി നൽകി.