തിരുവനന്തപുരം: കർഷകരെ കോടി പുതപ്പിച്ച് കിടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്നും ഇടുക്കിയിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 1964 ലെ ഭൂമിപതിവു ചട്ടം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക, ആഗസ്റ്റ് 22നും സെപ്തംബർ 25നും ഇറക്കിയ ഉത്തരവുകൾ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഉത്തരവുകളിലൂടെ ഇടുക്കിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ തടസപ്പെട്ടിരിക്കുകയാണ്. ഉത്തരവുകൾ നടപ്പാക്കിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കില്ലെന്ന് മാത്രമല്ല, ഭാവിയിൽ മുഴുവൻ നിർമ്മാണങ്ങളും പൊളിക്കേണ്ട സാഹചര്യവും ഉണ്ടാകും. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, മുൻ എം.പി എൻ.പീതാംബരക്കുറുപ്പ്, നേതാക്കളായ മാത്യു ഉഴൽനാടൻ, ഇ.എം. അഗസ്റ്റിൻ, ജോയിതോമസ്, സി.പി. മാത്യു, റോയി.കെ. പൗലോസ്, എ.കെ മണി തുടങ്ങിയവർ സംസാരിച്ചു.