തിരുവനന്തപുരം: പബ്ലിക് ലൈബ്രറി സ്ഥലത്ത് അനധികൃതമായി പണിതുയർത്തിയ മന്ദിരത്തിന്റെ ഉദ്ഘാടനം കോടതി വിധി വരുംവരെ മാറ്രിവയ്ക്കണമെന്ന് പബ്ലിക് ലൈബ്രറി സംരക്ഷണ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതി നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ ലൈബ്രറി വക സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടെങ്കിലും വിധിയെ മാനിക്കാത ഇടത് സർക്കാർ ആസ്ഥാന മന്ദിരം പണിയാൻ ഉത്തരവിറക്കുകയാണ് ചെയ്തത്. ഇതിനെതിരെ സമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നിലനിൽക്കെയാണ് ബഹുനില മന്ദിരം അതിവേഗത്തിൽ കെട്ടി ഉയർത്തുന്നതും ഉദ്ഘാടനത്തിനൊരുങ്ങുന്നതും. ഇത് തലസ്ഥാനവാസികളോടും കേരള സമൂഹത്തോടും കാട്ടുന്ന അനീതിയാണ്.
യോഗത്തിൽ എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. ആറ്റുകാൽ സുരേന്ദ്രൻ, കുന്നുകുഴി എസ്. മണി, തളിയൻ അപ്പുക്കുട്ടൻ, കെ.പി. പ്രകാശ്, കളിപ്പാൻകുളം വിജയൻ എന്നിവർ സംസാരിച്ചു.