തിരുവനന്തപുരം: എം.ജി സർവകലാശാല മാർക്ക്ദാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ കെ.എം. ഷാജിക്കെതിരെ നടത്തിയ പരാമർശത്തിൽ മന്ത്റി കെ.ടി. ജലീൽ ഖേദം പ്രകടിപ്പിച്ചു. കെ.എം. ഷാജി നടത്തുന്നത് കവല പ്രസംഗമാണെന്നും കോളേജിന്റെ പടികയറിയിട്ടില്ലാത്ത ഷാജിക്ക് മാർക്ക് വിവാദത്തിന്റെ കാര്യത്തിൽ സംസാരിക്കാൻ അർഹതയില്ലെന്നുമുള്ള പരാമർശമാണ് വിവാദമായത്. തന്റെ പരാമർശം പിൻവലിക്കുന്നതായും ഷാജിക്ക് മനഃപ്രയാസമുണ്ടായതിൽ ഖേദിക്കുന്നെന്നും ജലീൽ പറഞ്ഞു. തന്റെ പ്രസംഗം കവല പ്രസംഗമാണെന്ന് പറഞ്ഞത് അംഗീകാരമായാണ് കാണുന്നതെന്നും താനും മന്ത്റിയും ഒരേ കോളേജിലാണ് പ്രീഡിഗ്രി പഠിച്ചതെന്നും ഷാജി പറഞ്ഞു. മന്ത്റി സ്വന്തം സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രീഡിഗ്രി പഠിച്ചത് കോളേജിലാണോയെന്ന് ഉറപ്പാക്കണം. താൻ പിന്നീട് ബാംഗ്ലൂർ സർവകലാശാലയിൽ ബി.ബി.എയ്ക്ക് ചേർന്നു. മന്ത്റിയുടെ പരാമർശം സഭാരേഖയിൽ നിന്ന് മാറ്റരുതെന്നും തന്റെ വിശദീകരണം കൂടി ഉൾപ്പെടുത്തണമെന്നും കെ.എം. ഷാജി ആവശ്യപ്പെട്ടു. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന സിനിമാ ഡയലോഗും ഷാജി ക്ലൈമാക്സിൽ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ എം.എൽ.എമാർക്ക് ഏതൊക്കെ വിഷയങ്ങളിൽ ഇടപെടാമെന്ന് സ്പീക്കർ റൂളിംഗ് നൽകണമെന്ന് ഷാജി ആവശ്യപ്പെട്ടു. തുടർന്ന് കോളേജിൽ പഠിച്ചിട്ടില്ലെന്നത് കുറവായി കാണുന്നില്ലെന്നും മനുഷ്യരുടെ ബോദ്ധ്യവും അറിവും മണ്ണിൽ നിന്നുള്ളതാണെന്നും സ്പീക്കറും പറഞ്ഞു.