a-k-balan
എ.കെ ബാലൻ

തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഡേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും നടൻ ബിനീഷ് ബാസ്റ്റിനുമായുള്ള പ്രശ്‌നങ്ങളിൽ ബിനീഷിനെ ജാതീയമായി അപമാനിച്ചെന്ന പരാതി ഇതുവരെ സർക്കാരിന് കിട്ടിയിട്ടില്ലെന്ന് മന്ത്റി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞു. ഇരുവരും തമ്മിലെ തർക്കം ബന്ധപ്പെട്ട കക്ഷികൾ ക്ഷമ പറഞ്ഞ് അവസാനിപ്പിച്ചതാണ്. ആരും പരാതിപ്പെടാത്ത സാഹചര്യത്തിൽ സർക്കാർ അങ്ങോട്ടു കയറി ഇടപെടേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും കെ.ജെ.മാക്‌സിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

അനിലിനെയും ബിനീഷിനെയും പരിപാടിക്ക് വിളിച്ചിരുന്നു. അനിൽ അസൗകര്യമറിയിച്ചതിനാൽ വൈകിട്ട് ആറിന് മാഗസിൻ പ്രകാശനവും രാത്രി എട്ടിന് കോളേജ് ഡേ ഉദ്ഘാടനവും രണ്ടുപേർക്കും സൗകര്യപ്രദമായി നിശ്ചയിച്ചു. ഇരുവരും ഇക്കാര്യം സമ്മതിച്ചിരുന്നതാണ്. അനിൽ പ്രസംഗിക്കവേ ബിനീഷ് വേദിയിലെത്തി പ്രതിഷേധിക്കുകയായിരുന്നുവെന്നാണ് പ്രിൻസിപ്പലും ഡി.എം.ഇയും തനിക്ക് റിപ്പോർട്ട് നൽകിയതെന്നും ബാലൻ പറഞ്ഞു.