സംഘടനയിലൂടെ ശക്തരാകുക, വിദ്യാഭ്യാസത്തിലൂടെ സ്വതന്ത്രരാകുക, വ്യവസായത്തിലൂടെ ധനാഭിവൃദ്ധി നേടുക എന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അഭ്യുന്നതിയെ ലക്ഷ്യം വച്ചുള്ളതാണ്. ആധുനിക മാനേജ്മെന്റ് ശാസ്ത്രത്തെ അധികരിച്ച് വ്യവസായം എന്ന പ്രയോഗത്തിൽ കാർഷിക ഉത്പാദന, സേവന, വിതരണ, വാണിജ്യ രംഗങ്ങളിലെ എല്ലാപ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലൂടെ മാത്രമേ മഹാനായ ആർ. ശങ്കറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനാവൂ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയിൽ തുടങ്ങി മുഖ്യമന്ത്രിപദം വരെ ആർ.ശങ്കർ വഹിച്ച പദവികൾ നിരവധിയാണ്. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പത്തുമണിക്കൂറിലധികം പ്രഭാഷണം നടത്തി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ അദ്ദേഹം റെക്കാഡ് നേടിയത് സാഹിത്യലോകം എന്നും ഓർക്കും. നാലു വർഷക്കാലം ശിവഗിരി സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ആർ. ശങ്കർ മികച്ച സയൻസ് അദ്ധ്യാപകനായും കഴിവുറ്റ ആംഗല ഭാഷാദ്ധ്യാപകനായും ഒരേസമയം വിദ്യാർത്ഥികളുടെ ആരാധനാപാത്രമായി
അക്കാലത്ത്, ഇന്ത്യൻ സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ ആർ.ശങ്കറിന് വിജയം നേടാനായി. എന്നാൽ, വൈദ്യപരിശോധനയിലും ഇന്റർവ്യൂവിലും വിജയിക്കാനായില്ല. ഇതിനെത്തുടർന്ന്, പ്രശസ്തമായ നിലയിൽ നിയമപഠനം പൂർത്തിയാക്കി അദ്ദേഹം വക്കീലായി മാറി. അപ്പോഴേക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ കുമാരനാശാൻ ഉയർത്തിയ പൗരസമത്വവാദം, ടി.കെ. മാധവൻ നയിച്ച വൈക്കം സത്യാഗ്രഹം, കർഷകസമരം, വിവിധ തൊഴിൽ സമരങ്ങൾ, സി.കേശവൻ നയിച്ച നിവർത്തനപ്രക്ഷോഭം തുടങ്ങിയവയിലൊക്കെ അപൂർവ വിജയം നേടി. ഇതോടെ യോഗനേതാക്കൾ രാഷ്ട്രീയ രംഗത്തേക്ക് തിരിഞ്ഞു. ഇക്കാലത്ത് സ്റ്റേറ്റ് കോൺഗ്രസിൽ എത്തിയ ആർ.ശങ്കർ സി.കേശവന്റെയും മറ്റും നിർദ്ദേശം അനുസരിച്ചാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. 'വിദ്യകൊണ്ട് സ്വതന്ത്രരാവുക" എന്ന ഗുരു സന്ദേശം പ്രായോഗികതലത്തിൽ എത്തിക്കാൻ പ്രതിജ്ഞാബദ്ധരായിരുന്നെങ്കിലും ഗണ്യമായ തോതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ ഇതിനകം യോഗ നേതൃത്വത്തിനായില്ല. ഇത് തിരിച്ചറിഞ്ഞ്, 'വിവാഹ പത്രികകൾ മുറിക്കുന്നതിൽ മാത്രം ഒതുങ്ങി" നിന്ന യോഗത്തിന്റെ പ്രവർത്തനം ഊർജ്ജസ്വലമാക്കാനാണ് ആർ. ശങ്കർ ലക്ഷ്യം വച്ചത്. യോഗത്തിന് നിവർത്തന പ്രക്ഷോഭകാലത്തുണ്ടായിരുന്ന കരുത്തും ചൈതന്യവും തിരിച്ചുകൊണ്ടുവരാനും, സൃഷ്ടിപരമായ കർമ്മപദ്ധതികളുടെ താത്കാലികമായെങ്കിലും യോഗത്തിലുണ്ടായ സ്തംഭനവും മരവിപ്പും മാറ്റാനും ആർ.ശങ്കറിന്റെ നേതൃത്വത്തിനായി.
1954ൽ വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ പ്രവർത്തനം സവിശേഷ സാമർത്ഥ്യത്തോടെ നിർവഹിക്കാനായി ആർ. ശങ്കർ ശ്രീനാരായണട്രസ്റ്റ് രൂപീകരിച്ചു. അതിനിടയിൽ കൊല്ലത്ത് ഒന്നാംകിട രണ്ട് കോളേജുകൾ സ്ഥാപിക്കാനും അദ്ദേഹത്തിനായി. ഇതിനായി ഉത്പന്ന പിരിവ് എന്ന ആർ.ശങ്കറിന്റെ ആശയവും വൻ വിജയമായി. 1948ൽ തുടങ്ങിയ കൊല്ലം എസ്.എൻ കോളേജും, 1951ൽ സ്ഥാപിച്ച എസ്.എൻ വനിതാകോളേജും താമസംവിനാ സംസ്ഥാനത്തെ പ്രമുഖ കലാലയങ്ങളായി മാറി. പിന്നീട്, വിദ്യാഭ്യാസമന്ത്രി കൂടിയായ മുഖ്യമന്ത്രി ആർ.ശങ്കറിന് സംസ്ഥാനത്തിലാകമാനം കോളേജുകൾ തുടങ്ങാനും രാജ്യത്ത് ഇദംപ്രഥമമായി 10+2+3 എന്ന സമ്പ്രദായം പ്രീഡിഗ്രി കോഴ്സിലൂടെ നടപ്പിലാക്കാനുമായി. ആർ.ശങ്കറിന്റെ വിദ്യാഭ്യാസ മേഖലയിലെ നിസ്തന്ത പരിശ്രമങ്ങളുടെ നിത്യസ്മാരകമായി എസ്.എൻ ട്രസ്റ്റിന്റെ കീഴിൽ കണ്ണൂർ മുതൽ തിരുവനന്തപുരം ചെമ്പഴന്തിവരെ എസ്.എൻ കോളേജ് ഉയർന്നുവന്നു. ആർ.ശങ്കർ നടത്തിയ വിദ്യാഭ്യാസ വിപ്ളവം കേരള ജനത നന്ദിയോടെ എക്കാലവും ഓർക്കും.