ponmudi

വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊൻമുടി ടൂറിസ്റ്റുകളെ വരവേൽക്കാൻ കാത്തിരിക്കുന്നു. കനത്ത മഴയെ തുടർന്ന് രണ്ടാഴ്ചയായി പൊൻമുടിയിൽ സഞ്ചാരികൾക്ക് വനംവകുപ്പും പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാണ് പൊൻമുടി തുറന്നത്. ഇതോടെ രണ്ട് ദിവസങ്ങളായി പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പൊൻമുടിയിൽ അടുത്തടുത്ത് മൂന്ന് തവണ പ്രതികൂല കാലാവസ്ഥയെ തുടർന്ന് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിലക്കുണ്ടായിരുന്നെങ്കിലും പ്രതികൂല കാലവസ്ഥയെ അവഗണിച്ച് കെ.എസ്.ആർ.ടി.സി ബസുകളിൽ നൂറുകണക്കിന് സഞ്ചാരികൾ പൊൻമുടിയുടെ സൗന്ദര്യം നുകരാൻ എത്തിയിരുന്നു. ഒരാഴ്ച മുൻപ് പൊൻമുടി വനമേഖലയിൽ കനത്ത മഴ പെയ്തതോടെ പൊൻമുടി കല്ലാർ റൂട്ടിൽ അനവധി കേന്ദ്രങ്ങളിൽ മണ്ണിടിച്ചിലും റോഡിൽ മരങ്ങൾ കട പുഴകി വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല പൊൻമുടി കല്ലാർ റൂട്ടിൽ ബൈക്കും കാറും നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പൊൻമുടി അടച്ചതോടെ ആയിരക്കണക്കിന് സഞ്ചാരികൾ കല്ലാർ വരെ എത്തി മടങ്ങി പോയിരുന്നു. നിയന്ത്രണം നിമിത്തം വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുകയും ചെയ്തു. മഴ നിമിത്തം വനം വകുപ്പിന് കനത്ത നഷ്ടമുണ്ട്. പാസ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു.

പൊൻമുടിയിൽ ഇപ്പോൾ കനത്ത മൂടൽ മഞ്ഞ് വീഴ്ചയാണ്. ഉച്ച കഴിഞ്ഞാൽ കല്ലാർ മുതൽ പൊൻമുടി വരെ വാഹനങ്ങൾ ലൈറ്റ് തെളിച്ച് ഒാടേണ്ട അവസ്ഥ. മഞ്ഞിന്റെ ആധിക്യം മൂലം വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളും പതിവാണ്. കഠിനമായ മഞ്ഞ് മൂലം എ.സിയെ വെല്ലുന്ന തണുപ്പാണ് പൊൻമുടിയിൽ ഇപ്പോൾ. മഴയും മഞ്ഞും കുളിർക്കാറ്റും തണുപ്പും മാറിമാറിയുന്ന മേഘങ്ങളും ഒരു ആകാശയാത്രയുടെ ത്രില്ലാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. രാത്രി മുഴുവൻ പൊൻമുടി മൂടിൽ മഞ്ഞിൽ മുങ്ങും. മഞ്ഞ് ചില ദിവസങ്ങളിൽ കല്ലാറും താണ്ടി വിതുര വരെ വ്യാപിക്കും.

പൊൻമുടി സഞ്ചാരികൾക്കായി തുറന്നുകൊടുത്തെങ്കിലും ഇപ്പോഴും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുകയാണ്. ഇന്നലെയും അനവധി തവണ കനത്ത മഴ പെയ്തു. പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ വനപാലകരുടെ നി‌ദ്ദേശങ്ങൾ പാലിച്ച് വേണം യാത്ര നടത്താൻ.