nov04b

ആറ്റിങ്ങൽ: ദേശീയ പാതയിൽ മാമത്ത് കലിംഗ് പുനർ നിർമ്മാണം വാഹനയാത്രക്കാരെ വലയ്ക്കുന്നു. രാത്രിയിലാണ് പണി നടക്കുന്നത്. സാധാരണ റോഡിൽപോലും രാത്രി പണിനടക്കുമ്പോൾ ഇരുവശത്തും റിഫ്ളക്ടർ വയ്ക്കുകയും വാഹനങ്ങൾക്ക് വിവരം നൽകാൻ തൊഴിലാളികൾ നിൽക്കുന്നതും പതിവാണ്. എന്നാൽ ദേശീയപാതയിലെ പണിക്ക് കോൺട്രാക്ടർ നിയമം പാലിക്കാത്തതാണ് അപകടക്കെണിയാകുന്നത്.

റിഫ്ളക്ടർ വയ്ക്കാത്തതിനാൽ ശ്രദ്ധിക്കാതെ വരുന്ന വാഹനങ്ങൾ കോരിയിട്ടിരിക്കുന്ന മണ്ണിൽ ഇടിച്ചു കയറുകയാണ്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട് . കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ വരികയായിരുന്ന പൂവണത്തിൻമൂട് സ്വദേശി രമേശൻ അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമല്ലാത്ത അപകടം സംഭവിച്ച് വലിയകുന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ 8 പേർ ഉണ്ടെന്നാണ് അറിയുന്നത്.നിയമങ്ങൾ പാലിക്കാത്തതുപോലെ നിർമ്മാണത്തിലും അപാകതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർ ഇത് പരിശോധിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം.