pinarayi-vijayan

തിരുവനന്തപുരം: മാവോയിസ്​റ്റുകളെ സി.പി.ഐയും പ്രതിപക്ഷവും ന്യായീകരിക്കുന്നതിനെ നിയമസഭയിൽ മുഖ്യമന്ത്രി പരോക്ഷമായി തള്ളിപ്പറഞ്ഞു. മാവോയിസ്​റ്റുകളെ ആട്ടിൻകുട്ടികളായും പരിശുദ്ധരായും ചിത്രീകരിക്കാൻ എന്താണിത്ര തിടുക്കമെന്ന് ചോദിച്ച മുഖ്യമന്ത്രി വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ കൊന്നൊടുക്കിയ സി.ആർ.പി.എഫ് ജവാൻമാരടക്കമുള്ളവരുടെ പട്ടിക സഭയിൽ വായിച്ചു. കേരളത്തിലും ഇത് ഉണ്ടാകണമെന്നാണോയെന്നും ചോദിച്ചു.

കോഴിക്കോട്ടെ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സി.പി.ഐയെയും കൊള്ളിച്ച് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അട്ടപ്പാടിയിൽ പൊലീസിനു നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കീഴടങ്ങാൻ വന്നവരെയല്ല കൊന്നത്. പൊലീസിനു നേരെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചവരാണ് അവർ. ഛത്തീസ്ഗഡിൽ 76 സി.ആർ.പി.എഫ് ജവാൻമാരെ കൊന്നൊടുക്കിയത് ഇവരാണ്. കരിനിയമങ്ങൾ നിർമ്മിച്ചതും നിയമഭേദഗതികൾ കൊണ്ടു വന്നതും കോൺഗ്രസ് സർക്കാരുകളാണ്. ഒരു പൗരാവകാശ വേഷവും കോൺഗ്രസ് കെട്ടേണ്ടെന്നും മുഖ്യമന്ത്റി പറഞ്ഞു.

വ്യക്തികളെ പോലും ഭീകരരായി മുദ്റകുത്തി അറസ്​റ്റ് ചെയ്യാമെന്ന അമിത് ഷായുടെ യു.എ.പി.എ നിയമഭേദഗതിയാണ് പിണറായി നടപ്പാക്കിയതെന്നു അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

യു.എ.പി.എയോടുള്ള ഇടത് - വലത് നിലപാടുകളിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗം ഒ. രാജഗോപാലും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പിണറായി ഹി‌റ്റ്‌ലറുടെ

കസേരയിൽ: ചെന്നിത്തല

നിയമത്തെ ദുരുപയോഗം ചെയ്ത പൊലീസുകാർക്കെതിരേ നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നോട്ടീസ് വിതരണം ചെയ്തതിന്റെ പേരിൽ രാജ്യത്തെ ആദ്യ അറസ്​റ്റ് കേരളത്തിലാണ്. 1968ൽ ബംഗാളിലെ ബർദ്വാനിൽ ചേർന്ന പാർട്ടി പ്ലീനത്തിൽ ജനകീയ വിപ്ലവത്തിന് സി.പി.എം നേതൃത്വം നൽകണമെന്ന് പ്രമുഖ കമ്മ്യൂണിസ്​റ്റ് നേതാവ് ടി. നാഗറെഡ്ഡി അവതരിപ്പിച്ച രേഖയെ അനുകൂലിച്ച് വോട്ട് ചെയ്ത ആളാണ് പിണറായി വിജയൻ. കമ്മ്യൂണിസ്റ്റുകൾക്കാണ് മാവോയിസ്​റ്റുകളായി രൂപപരിണാമം വന്നത്. നാസി പ്രസ്ഥാനത്തിനെതിരെ കവി പാസ്റ്റർ മാർട്ടിൻ നീമോളർ എഴുതിയപോലെ, ആളുകളെ വേട്ടയാടുന്ന ഹിറ്റ്‌ലറുടെ കസേരയിലാണ് പിണറായി ഇരിക്കുന്നത് - ചെന്നിത്തല പറഞ്ഞു.