തിരുവനന്തപുരം :വികലാംഗക്ഷേമ കോർപറേഷൻ വാർഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 2.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെയാണ് കോർപറേഷന്റെ 40-ാം വാർഷികം ആഘോഷിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കോർപറേഷന്റെ ഈ വർഷത്തെ ചില പ്രധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സർക്കാരിന്റെ പ്ലാൻഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയിൽ ഈ വർഷം സംസ്ഥാന വ്യാപകമായി അഞ്ഞൂറോളം പേർക്ക് ട്രൈസ്‌കൂട്ടർ വിതരണം ചെയ്യും. ട്രൈ സ്‌കൂട്ടറുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. ഈ വർഷം 1200 പേർക്ക് ശ്രവണ സഹായി നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.