പോത്തൻകോട്: പണിമൂല ദേവീക്ഷേത്രത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സപ്‌തദിന മഹോത്സവത്തിന്റെ നടത്തിപ്പിനായി ആർ. ലതീഷ് കുമാർ ജനറൽ കൺവീനറായി ഉത്സവാഘോഷ കമ്മിറ്റി നിലവിൽ വന്നു. ജോയിന്റ് കൺവീനർമാരായി സുധൻ എസ് നായർ, പണിമൂല ചന്ദ്രൻ, ബാലഗോപാൽ, സജിത്ത് എന്നിവർ ഉൾപ്പെടെ 13 സബ് കമ്മിറ്റി കൺവീനർമാരെയും അംഗങ്ങളെയും തിരഞ്ഞെടുത്തു. പണിമൂല ദേവീക്ഷേത്ര സദ്യാലയത്തിൽ നടന്ന പൊതുയോഗത്തിൽ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി ആർ. ശിവൻകുട്ടി നായർ മുഖ്യപ്രസംഗം നടത്തി. പ്രസിഡന്റ് ഗോപി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറർ മണികണ്ഠൻ നായർ, വൈസ് പ്രസിഡന്റ് നാരായണൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ വിജയകുമാരൻ നായർ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു. ദ്വിവത്സര സപ്‌തദിന മഹോത്സവം 2020 മാർച്ച് 29ന് കൊടിയേറി ഏപ്രിൽ 4ന് സമാപിക്കും. ഫെബ്രുവരി 20ന് ശബരിമല ക്ഷേത്രം തന്ത്രി താഴ്‌മൺ മഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര താഴികക്കുട പ്രതിഷ്ഠാ കർമ്മങ്ങൾക്ക് തുടക്കമാകും. ഫെബ്രുവരി 21നാണ് പ്രശസ്‌തമായ പണിമൂല പൊങ്കാല.