വിതുര:പാലോട് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം ഇന്ന് മുതൽ 7 വരെ വിതുരയിൽ നടക്കും. രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എ.എൽ.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, പാലോട് എ.ഇ.ഒ ജെ.സിന്ധു, സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ.എസ്. ഷീജ, മറിയാമ്മാ ചാക്കോ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, പി.ടി.എ പ്രസിഡന്റുമാരായ ഭുവനചന്ദ്രൻ, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ, വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ, വിതുര ഗവ. യു.പി.എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നുള്ള ആയിരത്തിൽപ്പരം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ഇതിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങൾ നടന്നു.