cpi

തിരുവനന്തപുരം: മനുഷ്യരെ വെടിവച്ച് കൊല്ലാനും ലഘുലേഖയുടെ പേരിൽ അറസ്റ്റിനും കരിനിയമം ചുമത്തി തുറുങ്കിലടപ്പിക്കാനും ആരാണ് പൊലീസിന് അധികാരം നൽകിയതെന്ന സംശയം സർക്കാരിന് നേരെയുള്ള ചൂണ്ടുവിരലായിക്കൂടെന്ന് സി.പി.ഐ മുഖപത്രം. കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ പശ്ചാത്തലത്തിലാണ് വിമർശനം. വായനയും ചിന്തയും ജീവിതശീലമാക്കിയവർ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടെന്നും ഇന്നലെ പ്രസിദ്ധീകരിച്ച 'യു.എ.പി.എ സർക്കാരിന് നേരെയുള്ള ചൂണ്ടുവിരലായിക്കൂടാ' എന്ന മുഖപ്രസംഗത്തിൽ പറയുന്നു.

'കേരളം പോലുള്ള ജനാധിപത്യ സംസ്ഥാനത്തെ പൊലീസിന് എളുപ്പത്തിൽ എടുത്തുയർത്താനാവുന്ന ഒന്നല്ല കേന്ദ്ര സർക്കാരിന്റെ ഈ കരിനിയമം. സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോദ്ധ്യം പൊലീസുദ്യോഗസ്ഥരിൽ ഇല്ലാതെ പോയിരിക്കുന്നു. ഇത് യു.എ.പി.എയുടെ കാര്യത്തിൽ മാത്രമല്ലെന്നത് സംശയകരവുമാണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവർത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ ഒരന്വേഷണവും ഇക്കാര്യത്തിൽ നടന്നിട്ടില്ല. പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അട്ടപ്പാടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്നതിൽ സംശയമില്ല. വിദ്യാർത്ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാർത്തകൾ വഴിതിരിഞ്ഞു. വായനാ മുറിയിലെ പുസ്തകങ്ങളുടെ പേരിൽ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാർത്തുന്നത് ന്യായീകരിക്കാനാവില്ല. വിഷയത്തെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിച്ചുവിടാൻ അവസരം ഒരുക്കിക്കൂടെന്നും സി.പി.ഐ മുഖപത്രം പറയുന്നു.