kkk

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സർവീസുകൾ ഇല്ലാതിരുന്നത് വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും മറ്റ് യാത്രക്കാരെയും സാരമായി ബാധിച്ചു. സാധാരണ 90ലധികം സർവീസുകളാണ് ഡിപ്പോയിൽ നിന്ന് ഉണ്ടാകാറ്. സർവീസുകൾ ഇല്ലാത്തതിനാൽ ഏകദേശം ആറു കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.

അതേസമയം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനെത്തിയ സമാന്തര ട്രക്കർ സർവീസുകാരെ പിടികൂടാൻ സ്ക്വാഡ് എത്തിയത് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘർഷത്തിനിടയാക്കി. രാവിലെ ബസ് കാത്ത് നെയ്യാറ്റിൻകരയിലെത്തിയ സ്കൂൾ- കോളേജ് വിദ്യാർത്ഥികളും മറ്റും മണിക്കൂറുകളോളം കാത്തു നിന്ന ശേഷം മടങ്ങിപ്പോയി. ആശുപത്രി ജംഗ്ഷനിൽ സമാന്തര സർവീസ് നടത്തുന്ന ടെമ്പോകളെ പിടികൂടാൻ രാവിലെ തന്നെ ആർ.ടി ഉദ്യോഗസ്ഥരെത്തിയിരുന്നു. എന്നാൽ ഇതു കാരണം ട്രക്കർ ടെമ്പോ സർവീസ് നിറുത്തിവച്ചത് യാത്രക്കാർക്ക് വിനയായി.

സ്കൂളുകളിൽ ഹാജർ നില കുറവായതിനാൽ മിക്ക സ്കൂളുകൾക്കും ഉച്ചയ്ക്ക് ശേഷം അവധി നൽകിയിരുന്നു.