vama

വെഞ്ഞാറമൂട് :കല്ലറ-പുല്ലമ്പാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് തെള്ളിക്കച്ചാൽ - കരിക്കകത്തിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യം ന്യായമാണങ്കിലും ഫണ്ട് വിനിയോഗിക്കാൻ ജില്ലാ പഞ്ചായത്തിന് കഴിയില്ലെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കേരള സംസ്ഥാന മനുഷ്യവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചു.വാമനപുരം നദിയുടെ കരയിലായാണ് തെള്ളിക്കച്ചാൽ കരിക്കകം പ്രദേശം സ്ഥിതി ചെയ്യുന്നത്.വാമനപുരം നദി കടന്നു വേണം ഇവിടെയുള്ളവർക്ക് അക്കരെയിക്കരെ കടക്കാൻ.വേനൽക്കാലത്ത് നദിയിലെ വെള്ളം താഴുന്നതോടെ വഴുക്കലുള്ള പാറകളിലൂടെയും മറ്റും സാഹസികമായി നടന്നാണ് അക്കരെ എത്തുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ജീവൻ പണയം വച്ചാണ് ഇവർ നദി മുറിച്ചു കടക്കുന്നത്.ഇവിടെ പാലം നിർമ്മിക്കണം എന്ന ആവശ്യം ഉയർന്നിട്ട് പതിറ്റാണ്ടുകളായി. പുല്ലമ്പാറ പഞ്ചായത്തിലെ തെള്ളിക്കച്ചാൽ - പൊയ്ക ത്തുമുകൾ, ആനക്കുഴി, ചെമ്പൻകോട് പട്ടികജാതി കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക് അക്കരെയുള്ള തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും കർഷകർക്ക് അവരുടെ കാർഷികോല്പന്നങ്ങൾ പ്രദേശത്തെ പ്രധാന മലഞ്ചരക്ക് വ്യാപാര - വിപണന കേന്ദ്രമായ കല്ലറ പബ്ലിക്ക് മാർക്കറ്റിൽ എത്തിക്കാനും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.


മിതൃമ്മല, കല്ലറ എന്നിവിടങ്ങളിലെ ഹയർ സെക്കന്ററി സ്കൂളുകളിലും എൽ.പി സ്കൂളിലും പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഇവിടുണ്ട്.ഇവർക്കും മഴക്കാലങ്ങളിൽ സ്കൂളുകളിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണ്.. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന് കേരള കൗമുദി "തെള്ളിക്കച്ചാൽ കരിക്കകം പ്രദേശത്ത് യാത്രാ ദുരിതം: കടത്തുവള്ളവും കാത്ത് " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു.

വിദ്യാർത്ഥികളും, കിടപ്പ് രോഗികളും കർഷകരും ബുദ്ധിമുട്ടിലാണ്.ഇവിടെ പാലം വേണം എന്ന ആവശ്യം സ്വാഗതാർഹമാണന്ന് സെക്രട്ടറിയും സമ്മതിക്കുന്നു. എന്നാൽ ഇത് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് ഫണ്ടില്ലാത്തത് കാരണം നടപ്പിലാക്കാൻ കഴിയില്ലത്രെ.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 19 ന് തുടർ നടപടികൾ മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിംഗിൽ പരിഗണിക്കും.

പുല്ലമ്പാറ ,വാമനപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് തെള്ളിക്കച്ചാലിൽ നിന്നും 8 കിലോമീറ്റർ അകലെ വെള്ളു മണ്ണടിയിൽ ഒരു പൊതുമരാമത്ത് പാലം ഉള്ളതായും പ്രസ്തുത പാലം കടന്ന് 5 കിലോമീറ്ററോളം യാത്ര ചെയ്താൽ മിതൃമ്മലയിൽ എത്താൻ കഴിയും എന്നും, അരുവി പുറത്ത് മറ്റൊരു പാലം ഉള്ളതായും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ പാലങ്ങൾ വഴി സഞ്ചരിക്കാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണുള്ളത് എന്നത് വ്യക്തമാണ്.

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം കൺവീനർ ഡോ.തേമ്പാംമൂട് സഹദേവൻ പരാതി നൽകിയിരുന്നു .ഇത് പ്രകാരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സെക്രട്ടറി നൽകിയ റിപ്പോർട്ടിലാണ് ആവശ്യം ന്യായമാണങ്കിലും നദിക്ക് കുറുകെ പാലം നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്തിന് ലഭ്യമല്ലെന്നും, ഇത്തരം വലിയ നിർമ്മാണങ്ങൾ പൊതുമരാമത്ത് മുഖേന സംസ്ഥാന സർക്കാരാണ് ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചുറ്റിപ്പോകേണ്ടത്: 8 കി.മീ