തിരുവനന്തപുരം: പഠനത്തിനിടെ കോളേജ് മാറ്റം നേടിയവരുടെയും ഇടയ്ക്കു വച്ച് പഠനം ഉപേക്ഷിച്ചവരുടെയും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കുന്ന കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു.
നിസാര കാര്യങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും തടഞ്ഞുവയ്ക്കാൻ കോളേജുകൾക്ക് അധികാരമില്ലെന്ന് എ.ഐ.സി.ടി.ഇ.യും യു.ജി.സി.യും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കോളേജുകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ അഫിലിയേഷൻ സബ്കമ്മിറ്റിയെ ചുമതലപെടുത്തി. ഇതുമായി ബന്ധപെട്ട് കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയിൽ കോളേജ് മാനേജ്‌മെന്റിൽ നിന്ന് വിശദീകരണം ആവശ്യപ്പെടും. .
യൂണിവേഴ്സിറ്റിയുടെ അനുമതിയില്ലാതെ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തും. . മൂല്യനിർണയം കാര്യക്ഷമമാക്കാനും മൂല്യനിർണയ ക്യാമ്പിന്റെ നടത്തിപ്പിന് വ്യക്തമായ മാർഗരേഖകൾ ഉണ്ടാക്കാനും മോഡറേഷൻ വ്യവസ്ഥകൾ പരിഷ്‌കരിച്ച് അക്കാഡമിക് കൗൺസിലിന്റെ പരിഗണനക്ക് സമർപ്പിക്കാനും പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തി.
വിളപ്പിൽശാലയിലെ നിർദ്ദിഷ്ട സ്ഥലത്തു സർവകലാശാലയുടെ സ്ഥിരം ക്യാമ്പസിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ താത്പര്യപത്രം ക്ഷണിക്കും. . കോളേജുകളുടെ അഫിലിയേഷൻ വ്യവസ്ഥകളിൽ ഹരിതനിയമചട്ടങ്ങളും ഉൾപ്പെടുത്തും. മതിയായ യോഗ്യതയില്ലെന്ന പരാതിയിൽ തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടും.