കല്ലമ്പലം: ഐസ്ക്രീം വിതരണക്കാരനെ വാഹനം തടഞ്ഞുനിറുത്തി മൂന്നംഗ സംഘം മർദ്ദിച്ചെന്ന് പരാതി. മാവിന്മൂട് ജി.ബി നിവാസിൽ ബാലചന്ദ്രനാണ് (45) ശനിയാഴ്ച വൈകിട്ട് നാലിന് ഞെക്കാട് സ്‌കൂളിനു സമീപത്തുവച്ച് മർദ്ദനമേറ്റത്. മുഖത്തും കഴുത്തിലും കൈയിലും പരിക്കേറ്റ ബാലൻ ആശുപത്രിയിൽ ചികിത്സ തേടി. പിക്കപ്പ് ആട്ടോയിൽ ഐസ്ക്രീം വിതരണം ചെയ്യുന്നതിനിടെ മാവിന്മൂടിന് സമീപം വച്ച് കാറിലെത്തിയ മൂന്നംഗ സംഘം വാഹനം തടഞ്ഞുനിറുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു. ഇത് വിസമ്മതിച്ച ശേഷം മുന്നോട്ടുനീങ്ങിയ ബാലനെ ഇവർ കാറിൽ പിന്തുടർന്ന് ഞെക്കാട് സ്‌കൂളിനു സമീപത്തുവച്ച് മർദ്ദിക്കുകയായിരുന്നു. വണ്ടിയിൽ നിന്നും പുറത്തേക്കിട്ട ശേഷം എതിർദിശയിൽ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടാൻ ശ്രമിച്ചെന്നാണ് പരാതി. നാട്ടുകാർ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.