ecco
പരീക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഞായറാഴ്ചത്തെ കേരളകൗമുദി റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ മുൻപ് ഉപയോഗിച്ച ചോദ്യ പേപ്പർ തീയതി മാത്രം മാറ്റി നൽകി നടത്തിയ എം.എ ഇക്കണോമിക്സ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ മാക്രോ ഇക്കണോമിക്സ് പരീക്ഷ റദ്ദാക്കി. 2019 ഫെബ്രുവരിയിൽ ഉപയോഗിച്ച ചോദ്യ പേപ്പറിൽ പുതിയ തീയതി ചേർത്ത് നടത്തിയ തട്ടിപ്പ് ഞായറാഴ്ച 'കേരളകൗമുദി' പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് നടപടി. അദ്ധ്യാപകർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണവും നടത്തും.

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനമായതിനാൽ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഒന്നും മൂന്നും സെമസ്റ്ററുകളുടെ ചോദ്യ പേപ്പർ തയ്യാറാക്കുന്നത്. രണ്ടും നാലും സെമസ്റ്ററുകളുടേത് പുറത്തെ അദ്ധ്യാപകരും. ഔദ്യോഗിക ആവശ്യത്തിന് വിദേശത്തായിരുന്ന മാക്രോ ഇക്കണോമിക്സിലെ അദ്ധ്യാപികയോട് ചോദ്യം തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നില്ല. പകരം വകുപ്പു മേധാവിയുടെ നേതൃത്വത്തിൽ പരീക്ഷാ ദിവസം രാവിലെ പഴയ ചോദ്യ പേപ്പർ പൊടി തട്ടിയെടുത്തു. ഇതിലെ തീയതി മറച്ച് ഫോട്ടോസ്റ്റാറ്റെടുത്ത് പുതിയ തീയതി പേന കൊണ്ട് എഴുതിച്ചേർക്കുകയായിരുന്നു. സർവകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയ വകുപ്പ് മേധാവി അടക്കമുള്ളവർക്കെതിരെ കർശന നടപടിയെടുക്കാനാണ് സാദ്ധ്യത.

ചോദ്യ പേപ്പർ തയ്യാറാക്കാത്തത് അറിഞ്ഞിരുന്നില്ലെന്നും അടിയന്തര സാഹചര്യത്തിൽ പഴയചോദ്യം ഉപയോഗിക്കേണ്ടി വന്നെന്നുമാണ് വകുപ്പു മേധാവിയുടെ വിശദീകരണം. പരീക്ഷാ ദിവസമാണോ ചോദ്യ പേപ്പർ അന്വേഷിക്കേണ്ടത്, ചോദ്യ പേപ്പർ ഇല്ലെങ്കിൽ പരീക്ഷ മാറ്റിവയ്ക്കാമായിരുന്നില്ലേ എന്നീ ചോദ്യങ്ങൾക്ക് പക്ഷേ മറുപടിയില്ല. ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഇന്റേണൽ പരീക്ഷയെന്ന അദ്ധ്യാപകരുടെ വ്യാഖ്യാനം സർവകലാശാല തള്ളിയിട്ടുണ്ട്.

''ഗുരുതര വീഴ്ച കണ്ടെത്തിയതു കൊണ്ടാണ് നടപടി. പ്രോ വൈസ് ചാൻസലർ കാമ്പസിലെത്തി അന്വേഷിക്കും. റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കും.''

ഡോ. വി.പി. മഹാദേവൻ പിള്ള.

വൈസ് ചാൻസലർ