നെയ്യാറ്റിൻകര : ലത്തീൻ സമുദായം നേരിടുന്നത് കടുത്ത അവഗണനയെന്ന് നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ റവന്യൂ അധികാരികൾ സമുദായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണ്. സർക്കാർ ഉത്തരവുകൾ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം നടത്തി സമുദായ അംഗങ്ങളെ അകാരണമായി പീഡിപ്പിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ഡിസംബർ 1 ന് നെയ്യാറ്റിൻകര ലത്തീൻ രൂപത അതിഥേയത്വം വഹിക്കുന്ന ലത്തീൻ സമുദായ സംഗമത്തിന്റെയും കെ.എൽ.സി.എ സംസ്ഥാന സമ്മേളനത്തിന്റെയും ഭാഗമായി നടന്ന പതാക ദിനം നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. രൂപത കെ.എൽ.പ്രസിഡന്റ് ഡി.രാജു, ജനറൽ സെക്രട്ടറി സി. സദാനന്ദൻ, സംസ്ഥാന സമിതി അംഗം എസ്.ഉഷാകുമാരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ, വി.എസ്. അരുൺ, ജസ്റ്റിൻ ക്ലീറ്റസ്, കേസരി തുടങ്ങിയവർ പ്രസംഗിച്ചു. സമുദായ സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര പട്ടണത്തിൽ ഡിസംബർ 1 ന് ഉച്ചയ്ക്ക്‌ശേഷം ഒരു ലക്ഷത്തോളം സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന റാലിയും കൂറ്റൻ പൊതുസമ്മേളനവും ഉണ്ടാകുമെന്ന് സംഘാടന സമിതി അംഗങ്ങൾ അറിയിച്ചു.