തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തനം ജോലി മാത്രമല്ലെന്നും ജനാധിപത്യ സംരക്ഷണമാണ് മാദ്ധ്യമധർമ്മമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തനം ഒരു സാമൂഹ്യദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ. രാമചന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പടുത്തിയിട്ടുള്ള പുരസ്കാരം ഫുട്ബാൾ താരം ഐ.എം. വിജയന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബാളറാണ് ഐ.എം. വിജയൻ. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. ബഹുമുഖ പ്രതിഭയായിരുന്ന എൻ. രാമചന്ദ്രന്റെ പേരിലുള്ള അവാർഡ് വിജയന് ലഭിക്കുന്നതിലൂടെ അത് സാർത്ഥകമാകുകയാണെന്നും ഗവർണർ പറഞ്ഞു. അർജുന അവാർഡ് ലഭിച്ചതുപോലുള്ള സന്തോഷമാണ് തനിക്ക് തോന്നുന്നതെന്ന് ഐ.എം. വിജയൻ പറഞ്ഞു. ജീവിതത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ഈ നിലയിൽ എത്തിയത്. പുരസ്‌കാരങ്ങൾ ലഭിക്കുമ്പോഴാണ് ആ പ്രയത്നങ്ങൾ പാഴായില്ലെന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 50,000 രൂപയും ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷനായിരുന്നു. എൽ.എൻ.സി.പി.ഇ ഡയറക്ടർ ജി. കിഷോർ, രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തി. ബാഡ്മിന്റൺ മുൻ ദേശീയചാമ്പ്യൻ യു. വിമൽകുമാറിനെ ഗവർണർ ആദരിച്ചു. മുൻമന്ത്രി ബാബു ദിവാകരൻ പ്രശസ്തി പത്രം വായിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ജയിംസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജി. ശേഖരൻ നായർ നന്ദിയും പറഞ്ഞു. എൻ. രാമചന്ദ്രന്റെ മക്കളും ട്രസ്റ്റ് അംഗങ്ങളുമായ ലക്ഷ്മി, ലേഖ, ഐ.എം. വിജയന്റെ ഭാര്യ രാജി, മക്കളായ ആരോമൽ, അഭിരാമി, ബന്ധുക്കളായ ഐശ്വര്യ, സൗന്ദര്യ തുടങ്ങിയവർ പങ്കെടുത്തു.