കിളിമാനൂർ:കേരള പിറവി ദിനത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരേ ചങ്ങല തീർത്ത് കുരുന്നുകൾ. പള്ളിയ്ക്കൽ ജി.എച്ച്.എസ്.എസിൽ പ്രൈമറി വിഭാഗത്തിലെ കുട്ടികളാണ് പ്രതീകാത്മക ചങ്ങല തീർത്ത് നാടിനെ ഗ്രസിക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തിയത്.സ്കൂളിൽ നിന്നാരംഭിച്ച് പളളിയ്ക്കൽ പൊലീസ് സ്റ്റേഷൻ വരെ നീണ്ട ചങ്ങല നാട്ടുകാർക്ക് തികച്ചും കൗതുകമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ഹസീന പഞ്ചായത്തംഗം നിസാം, തുടങ്ങിയവർ കുട്ടികൾക്ക് ഒപ്പം അണിനിരന്നു. തുടർന്ന് മലയാള ഭാഷാ വാരാചരണത്തിന്റെയും പുസ്തക സമാഹരണ യജ്ഞത്തിന്റെയും ഉദ്ഘാടനം പ്രസിദ്ധ കവിയും ഗാനരചയിതാവുമായ മടവൂർ സുരേന്ദ്രൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സ്കൂളിന് നൽകി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് റജീന ബീഗം, പി.ടി.എ പ്രസിഡന്റ് നഹാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.