police

തിരുവനന്തപുരം: അറസ്റ്റ് ചെയ്യാനെത്തിയ ഫോർട്ട് എസ്.ഐ വിമലിനെ കുത്തി പരക്കേല്പിച്ചു കടന്ന പോക്‌സോ കേസ് പ്രതി നിയാസിനെ ഇതുവരെ പിടികൂടാനായില്ല. സംഭവത്തിൽ നിയാസിന്റെ പിതാവ് തങ്ങൾ കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ശനിയാഴ്ച വൈകിട്ടാണു എസ്‌.ഐയുടെ നേതൃത്വത്തിലുള്ള സംഘം നിയാസിനെ പിടികൂടാൻ കരിമഠം കോളനിയിലെത്തിയത്. ഇതിനിടെയാണ് ഇയാൾ എസ്.ഐയുടെ കൈയിൽ ബിയർ കുപ്പി പൊട്ടിച്ചു കുത്തി പരക്കേൽപ്പിച്ചു. കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്‌.ഐയുടെ കൈയിൽ പുരട്ടാനും ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണ് എസ്‌.ഐയുടെ കൈക്ക് കുത്തേറ്റത്. സംഭവത്തെ തുടർന്നു നിയാസ് ഓടി രക്ഷപ്പെടുകയായിരുന്നു. എസ്.ഐയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്‌.