abhaya

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന സാക്ഷി വിസ്താരത്തിൽ സിസ്റ്രർ അഭയക്കേസിൽ കൂട്ട കൂറുമാറ്റം. ഇന്നലെ വിസ്തരിച്ച സിസ്റ്റർ എലിസിറ്ര, ത്രേസ്യാമ്മ എന്നിവരാണ് കൂറുമാറിയത്. സിസ്റ്റർ എലിസിറ്റ അഭയയുടെ സഹ അന്തേവാസിയും ത്രേസ്യാമ്മ കോൺവെന്റിലെ പാചകക്കാരിയുമാണ്.

സിസ്റ്രർ അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ അടുക്കളയിൽ അഭയയുടെ ചെരുപ്പ് രണ്ടിടത്തായി കിടക്കുന്നതും അടുക്കളയിലെ ഫ്രിഡ്ജ് തുറന്ന് കിടക്കുന്നതും അഭയയുടെ ശിരോവസ്ത്രം വാതിൽപ്പടിയിൽ ഉടക്കി കിടക്കുന്നതും കണ്ടതായി ഇവർ സി.ബി.എെക്ക് മൊഴി നൽകിയിരുന്നു. കോടതിയിലെ വിസ്താരത്തിൽ ഇവയൊന്നും കണ്ടില്ലെന്നു പറഞ്ഞാണ് ഇരുവരും മൊഴിമാറ്റിയത്. ഇരുവരെയും കോടതി കൂറ് മാറിയതായി പ്രഖ്യാപിച്ചു. ഇപ്പോഴും മഠത്തിന്റെ കീഴിലുള്ള കെെപ്പുഴ കോൺവെന്റിലാണ് കഴിയുന്നതെന്ന് എലിസിറ്റ കോടതിയെ അറിയിച്ചു. കോൺവെന്റിലെ പ്രസിലായിരുന്നു ജോലി. പ്രസിന്റെ മേൽനോട്ടം കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട ജോസ് പൂതൃക്കയിൽ അച്ചനായിരുന്നെന്നും എലിസിറ്റ പറഞ്ഞു. സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ അഭയയുടേത് ആത്മഹത്യയാണെന്നാണ് വിശ്വാസമെന്നും അവർ കോടതിയെ അറിയിച്ചു. അഭയയെ കാണാതായത് ആദ്യം കേസിലെ പ്രതിയായ സിസ്റ്റർ സെഫിയോടാണ് പറഞ്ഞതെന്ന് ത്രേസ്യാമ്മ കോടതിയെ അറിയിച്ചു. തന്നെ സി.ബി.എെ നുണ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്രർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്രർ സെഫി എന്നിവരാണ് കേസിലെ വിചാരണ നേരിടുന്ന നിലവിലെ പ്രതികൾ. ഇതുവരെ 26 സാക്ഷികളെ വിസ്തരിച്ചതിൽ എട്ട് സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരിൽ പലരും മഠത്തിലെ അന്തേവാസികളായിരുന്നു.