തിരുവനന്തപുരം: യു.എ.പി.എ പ്രയോഗിക്കുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം ആവർത്തിക്കുമ്പോഴും പന്തീരാങ്കാവ് വിഷയത്തിൽ വ്യക്തമായി പ്രതികരിക്കാനാവാത്ത വിഷമവൃത്തത്തിലാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കരിനിയമമായ യു.എ.പി.എ ചുമത്തരുതെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ നിയമസഭയിൽ പൊലീസിനെ പാടെ തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്നത് പാർട്ടിയെ വെട്ടിലാക്കുന്നതായി. പൊലീസ് വാദഗതികൾ വിശദീകരിച്ച ശേഷം, നിയമത്തെ ദുരുപയോഗം ചെയ്യാനനുവദിക്കില്ലെന്നും നടപടി പരിശോധിക്കുമെന്നും മാത്രമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പൊലീസിനെ തള്ളിക്കൊണ്ടുള്ള രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കാത്തതാണ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. സ്വന്തം പാർട്ടി പ്രവർത്തകർ പൊലീസ് ഭീകരതയ്ക്ക് ഇരയായിട്ടും പ്രതിരോധത്തിലേക്ക് ഉൾവലിയേണ്ട സ്ഥിതിയിലാണ് സംസ്ഥാന സി.പി.എം നേതൃത്വം. പാർട്ടി അകപ്പെട്ട പ്രതിസന്ധി വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസത്തെ പ്രസ്താവനയിൽ അറസ്റ്റിലായ യുവാക്കൾ പാർട്ടിപ്രവർത്തകരാണെന്നത് തുറന്ന് പറയാതിരുന്നത്. അതേസമയം, മാവോയിസ്റ്റ് വേട്ടയിലും യു.എ.പി.എ വിഷയത്തിലും നിലപാട് കടുപ്പിക്കുകയാണ് സി.പി.ഐ. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കും വിധം സി.പി.ഐ സംഘം വനമേഖല സന്ദർശിച്ചതടക്കമുള്ള വിഷയത്തിലുള്ള അമർഷം ഇന്നലെ പരോക്ഷമായി മുഖ്യമന്ത്രി നിയമസഭയിൽ പ്രകടിപ്പിക്കുകയുമുണ്ടായി.
പൊലീസിന്റെ ആരോപണങ്ങൾ വ്യാജമെന്ന് അറസ്റ്റിലായ വിദ്യാർത്ഥികളും അവരുടെ ബന്ധുക്കളും ആവർത്തിക്കുമ്പോൾ, പൊലീസിനെ ഒരു പരിധി വരെ ന്യായീകരിക്കുകയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ അനുകൂലിച്ചെന്ന് കണ്ടെത്തിയെന്നും അറസ്റ്റിലായ താഹ മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വയറിന് തോക്ക് കുത്തിപ്പിടിച്ച് തന്നെക്കൊണ്ട് പൊലീസ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് താഹ സഹോദരനോട് നടത്തിയത്. സി.പി.എം അംഗങ്ങളായ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നീക്കങ്ങൾ സംശയകരമെന്ന് വിലയിരുത്തുമ്പോഴും വ്യക്തമായി പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് സി.പി.എം ജില്ലാ, പ്രാദേശികനേതൃത്വങ്ങളും. ഇന്നലെയാകട്ടെ, താഹയ്ക്കെതിരെ പുതിയ തെളിവുകൾ നിരത്തി പൊലീസ് നിലപാട് കടുപ്പിക്കുകയാണുണ്ടായത്.
യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എമ്മിലും ഇടതുമുന്നണിയിലും അസ്വസ്ഥതകൾ ശക്തമാണ്. നടപടി പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് സി.പി.എം കേന്ദ്രനേതൃത്വം. പക്ഷേ തിരുത്തൽ ഏതളവിലെന്നതാണ് കുഴക്കുന്ന ചോദ്യം.