കോവളം: തർക്കത്തിനിടെ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. കോവളം സ്വദേശിയായ ബഷീറാണ് (40) അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ കട്ടച്ചൽക്കുഴി സ്വദേശിയായ സതിയെ (42) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കോല പെട്രോൾ പമ്പിന് സമീപമുള്ള സതിയുടെ തട്ടുകടയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. നേരത്തെ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതാണെന്നും സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ തട്ടുകടയിലെ പലഹാരം പൊരിച്ചുകൊണ്ടിരുന്ന എണ്ണ സതിയുടെ ദേഹത്തേക്ക് ഇയാൾ ഒഴിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ രഞ്ജിത്ത്, സജി, സി.പി.ഒമാരായ കൃഷ്‌ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാൻഡ് ചെയ്‌തു.